സമ്പന്ന രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍ വാങ്ങിക്കൂട്ടിയെന്ന് ആംനെസ്റ്റി, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഭീഷണി

പാരിസ്- സമ്പന്ന രാജ്യങ്ങള്‍ അവരുടെ ജനങ്ങളെ സംരക്ഷിക്കാനായി മൂന്നിരട്ടിയോളം അളവില്‍ കോവിഡ് വാക്‌സിനുകള്‍ വാങ്ങിക്കൂട്ടിയെന്നും ഇത് ദരിദ്രമേഖലകളിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിയുണ്ടാക്കുമെന്നും അന്താരാഷ്ട്ര പൗരാവകാശ സംഘടനകളുടെ മുന്നറിയിപ്പ്. 2021 അവസാനം വരെ ആവശ്യമായ വാക്‌സിന്‍ ലഭ്യത സമ്പന്ന രാജ്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. വാക്‌സിനുകളുടെ ബൗദ്ധിക സ്വത്തവകാശം ലോകവ്യാപകമായി പങ്കുവെക്കാന്‍ സര്‍ക്കാരുകളും മരുന്നു കമ്പനികളും നടപടി സ്വീകരിക്കണമെന്ന് ആംനസ്റ്റി, ഫ്രണ്ട്‌ലൈന്‍ എയ്ഡ്‌സ്, ഗ്ലോബല്‍ ജസ്റ്റിസ് നൗ, ഓക്‌സ്ഫാം എന്നീ സംഘനടകള്‍ ആവശ്യപ്പെട്ടു.

അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം 70ഓളം ദരിദ്ര രാജ്യങ്ങളില്‍ പത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ മാത്രമെ വാക്‌സിന്‍ നല്‍കാന്‍ കഴിയൂവെന്ന് ആംനസ്റ്റി മുന്നറിയിപ്പു നല്‍കുന്നു. ആഗോള ജനസംഖ്യയുടെ 14 ശതമാനത്തെ മാത്രം പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ ഇപ്പോള്‍ വിജയകരമായ വാക്‌സിനുകളുടെ 53 ശതമാനവും വാങ്ങിക്കൂട്ടിയിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ ആനുപാതികമായി നോക്കുമ്പോള്‍ കാനഡയാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഷോട്ടുകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഓരോ പൗരനും അഞ്ചു തവണ വാക്‌സിന്‍ നല്‍കാന്‍ കഴിയുന്നത്ര ഷോട്ടുകള്‍ ഇതിനകം കാനഡ സ്വന്തമാക്കിയിട്ടുണ്ട്.

കോവിഡ് വാക്‌സിനുകള്‍ പൊതു നന്മയ്ക്കു വേണ്ടിയായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആവര്‍ത്തിച്ച് ലോകരാജ്യങ്ങളെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ആഗോള കോവിഡ് വാക്‌സിന്‍ പദ്ധതിയായ കോവാക്‌സില്‍ 189 രാജ്യങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എല്ലാ രാജ്യങ്ങള്‍ക്കിടയിലും തുല്യമായി വാക്‌സിന്‍ വിതരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എന്നാല്‍ യുഎസ് ഇതില്‍ പങ്കാളിയായിട്ടില്ല. ഉഭയകക്ഷി കരാറുകളുണ്ടാക്കിയിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാണ് കോവാക്‌സ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതു തന്നെ പങ്കാളിത്ത രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തിനു മാത്രമെ ലഭ്യമാകൂ.

Latest News