കോവിഡ് വാക്‌സിന്‍ രേഖകള്‍ ഹാക്ക് ചെയ്‌തെന്ന് ഫൈസറും ബയോണ്‍ടെക്കും

വാഷിങ്ടന്‍- യൂറോപ്പില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി കാത്തു നില്‍ക്കുന്ന മരുന്നു കമ്പനികളായ ഫൈസറും ബയോണ്‍ടെക്കും തങ്ങളുടെ വാക്‌സിന്‍ രേഖകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചു. യുറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ സെര്‍വറിലുണ്ടായ ഹാക്കിങിനിടെയാണ് നിയമവിരുദ്ധമായി തങ്ങളുടെ രേഖകള്‍ ചോര്‍ത്തിയെടുത്തതെന്ന് കമ്പനികള്‍ പറയുന്നു. വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി അറിയില്ലെന്നന് ഫൈസറും പരീക്ഷണത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയുന്ന വിവരം ചോര്‍ന്നതായി അറിയില്ലെന്ന് ബയോണ്‍ടെക്കും പറഞ്ഞു. കോവിഡ് വാക്‌സിന്‍ അനുമതിക്കായുള്ള അപേക്ഷയുടെ പുനപ്പരിശോധനയെ ഈ സൈബര്‍ ആക്രമണം ബാധിക്കില്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കമ്പനികള്‍ അറിയിച്ചു. 

സൈബര്‍ ആക്രമണം അന്വേഷിച്ചു വരികയാണെന്ന് ആംസ്റ്റര്‍ഡാം ആസ്ഥാനമായി യുറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അറിയിച്ചു. ഹാക്കിങ് നടന്ന വിവരം ബുധനാഴ്ചയാണ് ഏജന്‍സി സ്ഥിരീകരിച്ചത്. സൈബര്‍ ആക്രമണം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും പതിവു ജോലികള്‍ മുറപോലെ തുടരുന്നുണ്ടെന്നും വക്താവ് പറഞ്ഞു. 

27 യൂറോപ്യന്‍ രാജ്യങ്ങളുടെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആയ ഏജന്‍സിയില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ പരീക്ഷണ വിവരങ്ങളും കമ്പനികളുടെ ടെസ്റ്റ് വിവരങ്ങളും ഉണ്ട്. ഫൈസര്‍-ബയോണ്‍ടെക്ക് കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഡിസംബര്‍ 29ന് ഉണ്ടാകുമെന്ന് നേരത്തെ ഏജന്‍സി അറിയിച്ചിരുന്നു.
 

Latest News