പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയും ശിലയിടലും ഇന്ന്

ന്യൂദല്‍ഹി- സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടക്കും. ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ദല്‍ഹിയുടെ ഹൃദയഭാഗത്ത് ഇന്ത്യാ ഗേറ്റിനു സമീപമാണ് പരിപാടി. സുപ്രീം കോടതി വിലക്കുള്ളതിനാല്‍ പ്രതീകാത്മകമായാണ് തറക്കല്ലിടല്‍. പദ്ധതിക്കെതിരെ ഉയര്‍ന്ന പരാതി തീര്‍പ്പാക്കുന്നതു വരെ നിര്‍മാണ പ്രവൃത്തികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ പ്രധാന ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. 12.55ന് ചടങ്ങുകള്‍ ആരംഭിക്കും. ഒരു മണിക്കാണ് പൂജ. 2.15ന് പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.

64,000 ചതുരശ്ര മീറ്റര്‍ വിശാലമായ നാലു തട്ടുകളുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മാണ ചെലവ് 971 കോടി രൂപയാണ്. 2022 ഓഗസ്റ്റിന് 75ാം സ്വാതന്ത്ര്യദിനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ മന്ദിരത്തിലെ ലോകസഭാ ചേംബറില്‍ 888 സീറ്റുകളുണ്ടാകും. സംയുക്ത പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഇതു 1224 ആയി ഉയര്‍ത്താനാകും കഴിയും. രാജ്യസഭാ ചേംബറില്‍ 384 സീറ്റും ഉണ്ടാകും. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭയില്‍ 543 സീറ്റും രാജ്യസഭയില്‍ 245 സീറ്റുമാണുള്ളത്. 

പുതിയ മന്ദിരത്തിന്റെ ഭാഗമായി ഓരോ പാര്‍ലമെന്റ് അംഗത്തിനും 40 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഓഫീസ് ഇടവും ലഭിക്കും. ശ്രം ശക്തി ഭവന്‍ വികസിപ്പിച്ചാണ് ഇതിന് സ്ഥലം കണ്ടെത്തുക. ഇത് 2024ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
 

Latest News