ന്യൂദല്‍ഹി- ഒരു വിഭാഗം എം.എല്‍.എമാര്‍ വിമത പ്രവര്‍ത്തനം ശക്തമാക്കിയിരിക്കെ, ശക്തി തെളിയിക്കാനുളള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നീക്കത്തിന് തടയിട്ട് ബി.ജെ.പി കേന്ദ്ര നേൃത്വം. ഡിസംബര്‍ 13 ന് അഗര്‍ത്തലയില്‍ വിളിച്ച പൊതുയോഗം റദ്ദാക്കാന്‍ ബി.ജെ.പി നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇത്തരമൊരു പരിപാടി നടത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയുള്ള ബി.ജെ.പി സെക്രട്ടറി വിനോദ് സോങ്കര്‍ പറഞ്ഞു.
ത്രിപുരയിലെ ജനങ്ങള്‍ ബി.ജെ.പിയെ അനുഗ്രഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അവരെ തുടര്‍ന്നും സേവിക്കണമെന്നും സംഘടനയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പാര്‍ട്ടി അത് പരിഹരിക്കുമെന്നും ലോക്‌സഭാംഗം കൂടിയായ സോങ്കര്‍ പറഞ്ഞു.
ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അതു പരിശോധിക്കാനാണ് പൊതുയോഗം വിളിച്ചതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ സോങ്കര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നദ്ദയുമായി ബന്ധപ്പെട്ടാണ് പൊതുയോഗം റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്. പൊതുയോഗവുമായി മുന്നോട്ടു പോകരുതെന്ന് മുഖ്യമന്ത്രിയോട് ജെ.പി നദ്ദ നേരിട്ട് ആവശ്യപ്പെട്ടു.