Sorry, you need to enable JavaScript to visit this website.

സൗദി തൊഴിൽ വിപണി മാറ്റങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം

  • ഫലസ്തീൻ പ്രശ്‌നത്തിൽ നിലപാടിലുറച്ച് മന്ത്രിസഭ

റിയാദ് - പ്രാദേശിക തൊഴിൽ വിപണിയുടെ വികസനവും കാര്യക്ഷമത ഉയർത്താനും ലക്ഷ്യമിടുന്ന തൊഴിൽ വിപണി തന്ത്രത്തിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വെർച്വൽ രീതിയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വ്യോമയാന മേഖലാ തന്ത്രവും റിയൽ എസ്റ്റേറ്റ് മേഖലക്കുള്ള പരിഷ്‌കരിച്ച സമഗ്ര പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. ടൂറിസം മേഖലയിൽ പരസ്പരം സഹകരിക്കുന്നതിന് ജപ്പാനുമായി ധാരണാപത്രം ഒപ്പുവെക്കാൻ ടൂറിസം മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. 
കൊറോണയുമായി ബന്ധപ്പെട്ട് പ്രാദേശിക, ആഗോള തലങ്ങളിലെ പുതിയ സംഭവ വികാസങ്ങളും വാക്‌സിൻ വികസനവുമായും രാജ്യത്ത് ഇത് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായും സൗദിയിൽ കൊറോണ കേസുകളുമായും ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി. വാക്‌സിനുകൾ എല്ലാ രാജ്യങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും എല്ലാ ജനവിഭാഗങ്ങൾക്കും നീതിപൂർവകമായും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കേണ്ടതും വീണ്ടെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടതും ഭാവിയിൽ പകർച്ചവ്യാധികൾ നേരിടുന്നതിന് മികച്ച തയാറെടുപ്പുകൾ നടത്തേണ്ടതും അനിവാര്യമാണെന്ന് മന്ത്രിസഭ പറഞ്ഞു. 


കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധത തുടരുമെന്നും ആഗോള വെല്ലുവിളികൾ നേരിടാൻ ഐക്യരാഷ്ട്ര സഭയുമായി സഹകരിക്കുമെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രാദേശിക ശക്തികളുടെ ഇടപെടലുകളും മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കാനുള്ള ശ്രമങ്ങളും അംഗീകരിക്കില്ല. യു.എൻ തീരുമാനങ്ങളുടെ ചട്ടക്കൂടിൽ മേഖലാ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അറബ് ലീഗ് പ്രധാന പങ്ക് വഹിക്കണം. 


അറബികളുടെ അടിസ്ഥാന പ്രശ്‌നമാണ് ഫലസ്തീൻ പ്രശ്‌നം. സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ ഫലസ്തീൻ പ്രശ്‌നത്തിനു വേണ്ടി പ്രതിരോധം തീർക്കാൻ സൗദി അറേബ്യ മടിച്ചുനിന്നിട്ടില്ല. സൗദി അറേബ്യയുടെ വിദേശ നയത്തിൽ ഏറ്റവുമധികം പിന്തുണ നൽകുന്ന പ്രശ്‌നങ്ങളിൽ ഏറ്റവും മുഖ്യം ഇന്നും ഫലസ്തീൻ പ്രശ്‌നമാണ്. പശ്ചിമേഷ്യൻ സമാധാനത്തെ സൗദി അറേബ്യ പിന്തുണക്കുകയും അറബ് സമാധാന പദ്ധതി മുറുകെ പിടിക്കുകയും ചെയ്യും. ഫലസ്തീൻ പ്രദേശങ്ങളിൽ ജൂത കുടിയേറ്റ കോളനികളുടെ നിർമാണം ഇസ്രായിൽ നിർത്തണം. അധിനിവിഷ്ട ഫലസ്തീനിലെ ജൂത കുടിയേറ്റ കോളനികളുടെ നിർമാണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ശാശ്വതവും സമഗ്രവുമായ സമാധാനം സാക്ഷാൽക്കരിക്കുന്ന ദിശയിലെ വിലങ്ങുതടിയുമാണെന്ന് മന്ത്രിസഭാ യോഗം പറഞ്ഞു.


മന്ത്രിസഭാ യോഗം അംഗീകരിച്ച തൊഴിൽ വിപണി തന്ത്രം തൊഴിൽ വിപണി വികസനത്തിനും വിപണിയുടെ കാര്യക്ഷമത ഉയർത്താനും സഹായിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. മികച്ച ആഗോള വിപണികളുമായി ഒത്തുപോകുന്നതിന് അടിസ്ഥാനപരമായ പരിഷ്‌കാരങ്ങൾ തൊഴിൽ വിപണി തന്ത്രത്തിൽ അടങ്ങിയിട്ടുണ്ടെന്നും തൊഴിൽ വിപണിയുടെ വികസനത്തിനും കാര്യക്ഷമത ഉയർത്താനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. 


വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് സിവിൽ വ്യോമയാന മേഖലാ തന്ത്രം മന്ത്രിസഭ അംഗീകരിച്ചതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു. വൈവിധ്യമാർന്നതും സമ്പന്നവുമായ ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും സാമ്പത്തിക, സാമൂഹിക വികസനത്തെ സപ്പോർട്ട് ചെയ്യാനും സിവിൽ ഏവിയേഷൻ മേഖലക്ക് ഭരണാധികാരികൾ നൽകുന്ന നിരന്തരവും നിർലോഭവുമായ പിന്തുണയുടെ തുടർച്ചയാണിത്. രാജ്യത്ത് സിവിൽ ഏവിയേഷൻ മേഖല വികസിപ്പിക്കാനും ആഗോള നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനും മധ്യപൗരസ്ത്യ ദേശത്തെ മുൻനിര വ്യോമയാന മേഖലയായി സൗദിയിലെ വ്യോമയാന മേഖലയെ പരിവർത്തിപ്പിക്കാനും ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നു. വ്യോമഗതാഗതം, എയർ കാർഗോ, എയർപോർട്ടുകൾ എന്നിവ അടക്കം സിവിൽ വ്യോമയാന മേഖലക്കു കീഴിൽ വരുന്ന നിരവധി വ്യവസായ മേഖലകൾക്ക് പുതിയ തന്ത്രം പിന്തുണ നൽകുമെന്നും അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു. 
 

Latest News