അബഹ - ദക്ഷിണ സൗദിയിൽ അൽനമാസിനു സമീപം ഭൂചലനം. അൽനമാസിൽനിന്ന് 16 കിലോമീറ്റർ ദൂരെ ഇന്നലെ രാവിലെയാണ് റിക്ടർ സ്‌കെയിലിൽ നാലു പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂനിരപ്പിൽ നിന്ന് 9.1 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളില്ലെന്ന് അസീർ ഗവർണറേറ്റ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് ജിദ്ദക്കു സമീപം റിക്ടർ സ്‌കെയിലിൽ മൂന്നു പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ജിദ്ദക്ക് തെക്ക് 91 കിലോമീറ്റർ ദൂരെ ചെങ്കടലിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.






