മഞ്ചേരി - മഞ്ചേരി നഗരസഭയിലെ പതിനേഴാം വാർഡ് വടക്കാങ്ങരയിലും ഇരുപതാം വാർഡ് അത്താണിക്കലിലും യു.ഡി.എഫിന് രണ്ട് സ്ഥാനാർഥികൾ വീതം മത്സരരംഗത്ത്. സംസ്ഥാന തലത്തിൽ ധാരണയുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫ് മഞ്ചേരിയിൽ 17-ാം വാർഡ് വടക്കാങ്ങരയും 25-ാം വാർഡ് കിഴക്കെകുന്നുമാണ് വെൽഫെയർ പാർട്ടിക്ക് നൽകിയത്. എന്നാൽ വടക്കാങ്ങരയിൽ യു.ഡി.എഫിന്റെ ഘടക കക്ഷിയായ കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നു. വെൽഫെയർ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായ മെഹബൂബ് കുരിക്കൾ എന്ന ബാപ്പുവിനെതിരെയാണ് ജേക്കബ് വിഭാഗത്തിലെ പി.സി മുഹമ്മദ് ഷബീർ പാർട്ടിയുടെ ബാറ്ററി ടോർച്ച് ചിഹ്നത്തിൽ മത്സരിക്കുന്നത്. ഇരുപതാം വാർഡ് അത്താണിക്കലിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കുരുണിയൻ അബ്ദുവിനെതിരെ കേരള കോൺഗ്രസ് (ജേക്കബ്) ന്റെ മനോജ് പൂവഞ്ചേരി ബാറ്ററി ടോർച്ച് ചിഹ്നത്തിൽ ജനവധി തേടുന്നു. എന്നാൽ മഞ്ചേരിയിൽ ഐക്യജനാധിപത്യ മുന്നണി ഘടക കക്ഷിയായ ജേക്കബ് വിഭാഗത്തിനു സീറ്റുകൾ നൽകിയിട്ടില്ലെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. യു.ഡി.എഫിന്റെ ഭാഗമല്ലാത്ത വെൽഫെയർ പാർട്ടിയെ അംഗീകരിക്കില്ലെന്നാണ് ജേക്കബ് വിഭാഗത്തിന്റെ പക്ഷം.