ആലപ്പുഴ- വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ അറിയിക്കാതെ നേരത്തെ വോട്ട് ചെയ്ത് മടങ്ങി ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴ എസ്.ടി.ബി സ്‌കൂളിൽ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്. എന്നാൽ മാധ്യമങ്ങൾ അവിടെ എത്തിയപ്പോഴേക്കും മന്ത്രി വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു.
വോട്ട് ചെയ്ത് മടങ്ങിയ മന്ത്രി മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കുകയും ചെയ്തു. ഇതിനെപ്പറ്റി ചോദിക്കാൻ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ പ്രതികരിക്കാൻ തയാറായില്ല. മന്ത്രി എറണാകുളത്തേക്കാണ് വോട്ട് ചെയ്ത ശേഷം പോയതത്രെ.
സി.എ.ജി റിപ്പോർട്ട് വിവാദത്തിൽ അകപ്പെട്ട മന്ത്രി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിയാതെ ഇനി ഒരു വിഷയത്തിലും പ്രതികരിക്കുകയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാകണം മാധ്യമങ്ങളെ ഒഴിവാക്കി ധനമന്ത്രി നേരത്തേ വോട്ട് ചെയ്ത് മടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നു തന്നെയാണ് കരുതുന്നതെന്നും സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഈ സർക്കാരിന്റെ കാലത്ത് നാട്ടിലുണ്ടായതെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.






