ആലപ്പുഴ - കോവിഡ് ഭീതിക്കിടയിലും തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നു. ഉദ്യോഗസ്ഥർ ജീവന്മരണ പോരാട്ടത്തിൽ നിൽക്കുന്ന കാഴ്ചയായിരുന്നു എങ്ങും.
വോട്ട് ചെയ്യാൻ എത്തിയവരുടെ തിക്കും തിരക്കും പലയിടത്തും ഉദ്യോഗസ്ഥരെ മുൾമുനയിലാക്കി. മണിക്കൂറുകളോളം പി.പി.ഇ കിറ്റ് ധരിച്ച് നിൽക്കേണ്ട ഗതികേടിലായിരുന്നു മിക്ക ഉദ്യോഗസ്ഥരും.
തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങൾ ഇത്തരത്തിൽ മാറുന്നത്. അകലം പാലിച്ചുള്ള ക്യൂ, മാസ്‌ക് ധരിച്ച വോട്ടർമാർ, ബൂത്തിനുള്ളിലേയ്ക്ക് കടക്കുന്നതിന് മുമ്പ് കൈകളിലേയ്ക്ക് സാനിറ്റൈസർ നൽകാൻ ഉദ്യോഗസ്ഥർ, ബൂത്തിനുള്ളിൽ മാസ്‌കും ഷീൽഡും ധരിച്ചവർ, കോവിഡ് രോഗികളെ വോട്ട് ചെയ്യിക്കുന്നതിനായി പി.പി.ഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥർ. കോവിഡ് മാറ്റിമറിച്ചത് ഇങ്ങനെ പലതുമാണ്.
വോട്ട് ചെയ്യാനെത്തിയവരിൽ പലരും കൈയിൽ പേനയും സാനിറ്റൈസറും കരുതിയിരുന്നു. ഒപ്പിടുന്നതിനായി പോളിംഗ് ബൂത്തിലെ പേനയെടുക്കുന്നത് ഭയപ്പാടോടെയാണ് പലരും കണ്ടത്. വോട്ടിംഗ് യന്ത്രത്തിൽ ചിഹ്നത്തിന് നേർക്കുള്ള ബട്ടണിൽ കൈവിരൽ പതിക്കാതെ പേന കൊണ്ട് അമർത്തി വോട്ടു രേഖപ്പെടുത്തിയവരും ഉണ്ട്. എല്ലാവരും കോവിഡ് ഭീതിയിലെടുത്ത മുൻകരുതലുകളായിരുന്നു ഇവയെല്ലാം. തെരഞ്ഞെടുപ്പിൽ കേവിഡ് പ്രതിരോധത്തിന്റെ പേരിൽ പ്രഹരമേറ്റത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കായിരുന്നു. തെരഞ്ഞെടുപ്പ് ദിവസവും തലേന്നും മുഴുവൻ സമയവും മാസ്‌ക് ധരിച്ച് നിൽക്കേണ്ട സാഹചര്യമായിരുന്നു ഇവർക്കുണ്ടായിരുന്നത്. മുൻകാല തെരഞ്ഞെടുപ്പുകളിലെ പോലെ രാത്രി തങ്ങുന്നതിന് സമീപത്തെ വീടുകളിൽ ക്രമീകരണം ഏർപ്പെടുത്താൻ വീട്ടുകാരും അവിടങ്ങളിൽ പോയി താമസിക്കാൻ ജീവനക്കാരും ഭയപ്പെട്ടു. പ്രായമായവരും കുട്ടികളും ഉള്ള വീടുകളിൽ പുറത്ത് നിന്ന് എത്തുന്നവർക്ക് താമസിക്കുന്നതിനുള്ള സൗകര്യം ലഭിച്ചില്ല. രണ്ട് ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ പോളിംഗ് ബൂത്തുകളിൽ തന്നെ തങ്ങി. ഇവർക്ക് ഭക്ഷണം കഴിക്കുന്നതിനും ഇതുപോലെയുള്ള ക്രമീകരണങ്ങളായിരുന്നു. കോവിഡ് മാനദണ്ഡം എന്നൊക്കെ പറഞ്ഞെങ്കിലും പല സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ പാളുന്നതും കാണാമായിരുന്നു.