സ്വദേശിവൽക്കരണം മൂലമുള്ള തൊഴിൽ നഷ്ടവും പുതിയ നികുതി നിർദേശങ്ങളുടെ ഫലമായുള്ള സാമ്പത്തിക ഭാരവും മൂലം നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ പുനരധിവാസത്തെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ലക്ഷത്തോളം കുടുംബങ്ങളും ലക്ഷക്കണക്കിനു തൊഴിലാളികളും സൗദിയിൽനിന്ന് മടങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടുത്തിടെ ട്വീറ്റ് ചെയ്തത് സ്ഥിതിഗതികൾ ഗുരുതരമാണെന്നതിന്റെ സൂചനയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പുനരധിവാസ പദ്ധതികൾ പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. നോർക്ക റൂട്ട്‌സിന്റെ സഹകരണത്തോടെയുള്ള പുനരധിവാസ പദ്ധതിയിൽ നിലവിലെ ബാങ്കുകൾക്കു പുറമെ സഹകരണ ബാങ്കുകളെയും പിന്നോക്ക വിഭാഗ കോർപറേഷനെയും ഉൾപ്പെടുത്തിയത് പദ്ധതിയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്താൻ സഹായിക്കും. പദ്ധതി പ്രകാരമുള്ള വായ്പക്ക് പിന്നോക്ക വിഭാഗ കോർപറേഷനെയും സമീപിക്കാമെന്നത് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളായ പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യും. ഗൾഫ് മേഖലയിലെ പ്രവാസികളിലേറേയും ഈ വിഭാഗത്തിൽ വരുന്നവരായതിനാലും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവരിലധികവും ഈ ഗണത്തിൽപ്പെടുന്നവരായതിനാലും പിന്നോക്ക വിഭാഗ കോർപറേഷന്റെ സാന്നിധ്യം കൂടുതൽ സഹായകരമാവും. നിതാഖാത്, പൊതുമാപ്പ് വേളകളിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമെന്ന നിലയിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ഉൾപ്പെട്ടതാണിത്. എന്നാൽ നൂലാമാലകൾ ഏറെയായതിനാൽ പ്രവാസികളുടെ പ്രതീക്ഷകൾ അസ്ഥാനത്താവുകയായിരുന്നു. അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാവില്ലെന്നു വേണം കരുതാൻ.
പിന്നോക്ക വിഭാഗ കോർപറേഷൻ തുടക്കത്തിൽ 50 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. ഇത് ഇതിനകം തന്നെ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് ആശ്വാസം പകരുന്നതിനുപോലും മതിയായ തുകയല്ല. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ പദ്ധതി തുക വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്നതിലൂടെ ജോലി നഷ്ടപ്പെട്ടും, നിർബന്ധിത സാഹചര്യത്താലും നാട്ടിലേക്കു മടങ്ങുന്നവർക്ക് പുതിയ തൊഴിൽ കണ്ടെത്താൻ പദ്ധതി ഉപകരിക്കും.
രണ്ടു വർഷമെങ്കിലും തുടർച്ചയായി പ്രവാസ ജീവിതം നയിച്ച 18നും 65നും ഇടയിൽ പ്രയമായവർക്ക് അപേക്ഷിക്കാം എന്നതും പദ്ധതിയെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്.
ഇപ്പോൾ മടങ്ങിക്കൊണ്ടിരിക്കുന്നവരിൽ പലരും ദീർഘകാലം ഗൾഫിൽ നിന്നിട്ടും കാര്യമായി ഒന്നും സമ്പാദിക്കാനാവാത്ത, പ്രായക്കൂടുതൽകൊണ്ട് നാട്ടിലെത്തിയാൽ മറ്റൊരു ജോലി കണ്ടെത്തുക എളുപ്പമല്ലാത്തവരാണ്. അവരെ സംബന്ധിച്ചിടത്തോളം 65 വയസുവരെയുള്ള പ്രായ പരിധി ആശ്വാസം പകരുന്നതാണ്. ഗൾഫിലെ പരിചയ സമ്പത്തും തൊഴിൽ പ്രാവീണ്യവും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മുതൽകൂട്ടാവും. കാർഷിക വ്യവസായം, കച്ചവടം, സേവനങ്ങൾ, ഉൽപാദനം ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നീ മേഖലകളിലാണ് സഹായം ലഭിക്കുക. പദ്ധതി പ്രകാരം പരമാവധി വായ്പ 20 ലക്ഷമേ ലഭിക്കൂ എന്നത് പോരായ്മയായി വേണം വിലയിരുത്താൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ഈ തുക കൊണ്ട് ഒരു സംരംഭം കെട്ടിപ്പടുക്കുക എളുപ്പമല്ല.
അതിനാൽ വായ്പാ തുക സർക്കാർ വർധിപ്പിക്കേണ്ടതുണ്ട്. അതേസയമം പദ്ധതി അടങ്കലിന്റെ 95 ശതമാനം വായ്പ ലഭിക്കുമെന്നതും മൂന്നു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കുമെന്നതും പരമാവധി പലിശ ഏഴു ശതമാനമാണെന്നതും ആകർഷക ഘടകങ്ങളാണ്. കൈവശം ചെറിയ തുകയുള്ളവർക്കുപോലും പദ്ധതി പ്രകാരം ഏതെങ്കിലും സംരംഭം തുടങ്ങാൻ ഇതു വഴി സാധിക്കും. ഗൾഫിൽ പോയി വെറും കൈയോടെ മടങ്ങിയവർക്കും ചെറിയ തുക കണ്ടെത്തിയാൽ പദ്ധതി പ്രകാരം വായ്പയെടുത്ത് ഉപജീവന മാർഗം കണ്ടെത്താൻ കഴിയും. വായ്പാ തിരിച്ചടവിന്റെ ആദ്യ നാലു വർഷങ്ങളിൽ മൂന്നു ശതമാനം പലിശ സബ്‌സിഡിയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. എസ്.ബി.ഐ, യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളെയാണ് വായ്പ അനുവദിക്കുന്നതിന് നേരത്തെ തെരഞ്ഞെടുത്തിരുന്നതെങ്കിൽ ഇപ്പോൾ പിന്നോക്ക വിഭാഗ കോർപറേഷനു പുറമെ കൂടുതൽ ബാങ്കുകളെയും സഹകരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായ്പ ലഭ്യമാകാൻ നോർക്ക റൂട്ട്‌സിൽ അംഗമാകണമെന്ന നിബന്ധനയുണ്ടെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. 25 ലക്ഷത്തിലേറേ മലയാളികൾ വിദേശ രാജ്യങ്ങളിലുണ്ടെന്നാണ് കണക്ക്. ഇതിൽ 80 ശതമാനത്തലേറെ പേരും ഗൾഫ് രാജ്യങ്ങളിലാണ്. ഇവരിൽ ബഹുഭൂരിഭാഗവും സാധാരണ തൊഴിലാളികളാണ്. ഇതു കണക്കിലെടുത്താണ് സർക്കാർ അഞ്ചു വർഷം മുൻപ് പദ്ധതി പ്രഖ്യാപനം നടത്തിയത്. എന്നാൽ 1600 ഓളം പേർ മാത്രമാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. പ്രവാസികൾക്ക് നോർക്ക റൂട്ട്‌സ് തിരിച്ചറിയൽ കാർഡ് നൽകാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും വളരെ കുറച്ചു പേർ മാത്രമാണ് തിരിച്ചറിയൽ കാർഡ് എടുത്തിട്ടുള്ളത്. വായ്പാ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ തിരിച്ചറിയിൽ കാർഡ് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ സംഘടനകൾ മുൻകൈ എടുത്ത് ഇനിയും നോർക്ക റൂട്ട്‌സിൽ രജിസ്റ്റർ ചെയ്യാത്തവരെ രജിസ്റ്റർ ചെയ്യിപ്പിക്കാൻ നടപടി എടുക്കണം. ഓൺലൈൻ രജിസ്‌ട്രേഷനും സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്. അതു പ്രയോജനപ്പെടുത്തി കാർഡ് സ്വന്തമാക്കാനുള്ള ശ്രമം പ്രവാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും വേണം. സംസ്ഥാന സർക്കാരിന്റെ മാനേജ്‌മെന്റ് സ്റ്റഡീസ് വായ്പ ലഭ്യമാക്കുന്നതിനും പ്രൊജക്ട് വികസനത്തിനും സഹായിക്കും. പരിശീലനം ആവശ്യമായവർക്ക് പരിശീലനവും നൽകും.
ഏതു പദ്ധതിയും വിജയിക്കുക അതിന്റെ അർഥത്തിൽ നടപ്പാക്കാൻ ചുമതലപ്പെടുത്തപ്പെട്ടവർ അതു യഥാവിധി നടപ്പാക്കുമ്പോൾ മാത്രമാണ്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ ലക്ഷ്യം കൈവരിക്കാനാവില്ല. അതിനാൽ സർക്കാർ ജാഗ്രത പാലിക്കുകയും കഴിയുന്നത്ര നൂലാമാലകൾ ഇല്ലാതെ പദ്ധതിയുടെ പ്രയോജനം പരമാവധി പേരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.