ന്യൂദല്‍ഹി- പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച നടത്താനിരിക്കെ അപ്രതീക്ഷിതമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു വിഭാഗം കര്‍ഷകരെ ഇന്ന് ചര്‍ച്ചയ്ക്കു വിളിച്ചു. വൈകിട്ട് ഏഴു മണിക്കാണ് സമയം നിശ്ചയിച്ചിരിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രണ്ട് കര്‍ഷക യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. അമിത് ഷായുടെ വസതിയിലായിരിക്കും ചര്‍ച്ച. കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അഞ്ചു ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ആറാമത് ചര്‍ച്ചയാണ് ബുധനാഴ്ച നടക്കാനിരിക്കുന്നത്. ഇതിനിടെയാണ് അമിത് ഷാ നേരിട്ട് രംഗത്തിറങ്ങി ഒരു വിഭാഗം സമരക്കാരെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ്. ഈ ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പശ്ചാത്തലത്തില്‍ ഇതിനു മുന്നോടിയായി അനൗദ്യോഗിക ചര്‍ച്ചയിലൂടെ പരിഹാരം കാണാനുള്ള ശ്രമമായാണ് അമിത് ഷായുടെ നീക്കം വിലയിരുത്തപ്പെടുന്നത്.
ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സന്ദേശം ലഭിച്ചെന്നും അദ്ദേഹത്തെ കാണുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ടികായത് വിഭാഗം നേതാവ് രാകേഷ് ടികായത് പറഞ്ഞു. ഇന്നത്തെ ഭാരത് ബന്ദ് വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലും പരിസരപ്രദേശത്തും കര്‍ഷകരെ അറസ്റ്റ് ചെയ്ത വിഷയവും കാര്‍ഷിക നിയമങ്ങളില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘര്‍ഷ് നേതാവ് ശിവ് കുമാര്‍ ശര്‍മ കാകജി പറഞ്ഞു.