റിയാദ്- ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാതെ ദുരിതത്തിലാവുകയും കള്ളക്കേസിൽ കുടുക്കി ജയിൽ വാസമടക്കം അനുഭവിക്കുകയും ചെയ്ത യു.പി സ്വദേശികളായ അഞ്ചു തൊഴിലാളികൾ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തി.
അഞ്ചു വർഷം മുമ്പ് ദമാമിലെ ഐസ് പ്ലാന്റ് കമ്പനിയിൽ ജോലിക്കെത്തിയ മുഹമ്മദ് ബബുലു, സർഫാത്ത് അലി, സലിം അൻസാരി, ഷമീം അക്തർ, റിയാസുദ്ദീൻ അൻസാരി എന്നിവരാണ് നിയമ പോരാട്ടങ്ങൾക്കൊടുവിൽ നാട്ടിലേക്ക് തിരിച്ചത്.
2012 ജൂലായ് 27 ന് ആണ് ഇവർ ദമാമിൽ തൊഴിൽ വിസയിൽ എത്തിയത്. തൊഴിൽ കരാർ പ്രകാരം രണ്ടു വർഷം കഴിഞ്ഞാൽ അവധി ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നാട്ടിൽ വിടാതെ വീണ്ടും മൂന്നു വർഷം ഇവരെ കൊണ്ട് കഠിനമായ ജോലിയെടുപ്പിക്കുകയായിരുന്നു. ഓവർ ടൈമും ലഭിച്ചിരുന്നില്ല.
അതിനിടെ എട്ടു മാസത്തെ ശമ്പളം കുടിശ്ശികയാവുകയും നിത്യ ചെലവിന് പോലും പണമില്ലാതെ വരികയും ചെയ്തു. പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് കണ്ടതോടെ ഇവർ ഇന്ത്യൻ എംബസിയിൽ എത്തി പരാതി നൽകി.
തുടർന്ന് എംബസി വളണ്ടിയറും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റുമായ അയ്യൂബ് കരൂപടന്ന ഈ വിഷയം ഏറ്റെടുത്ത് കമ്പനി അധികൃതരുമായി സംസാരിച്ചെങ്കിലും നാട്ടിൽ വിടാനോ മുടങ്ങിയ ശമ്പളം കൊടുക്കാനോ അവർ തയാറായില്ല.
പിന്നീട് തൊഴിലാളികൾ കമ്പനിക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകി. നിരവധി തവണ നോട്ടീസ് അയച്ചിട്ടും കമ്പനി അധികൃതർ ഹാജരായില്ല. അവസാനം തൊഴിലാളികൾക്ക് അനുകൂലമായ വിധിയുണ്ടായെങ്കിലും നടപ്പാക്കാൻ കമ്പനി തയാറായില്ല. ഇതേ തുടർന്ന് തൊഴിലാളികൾ സിവിൽ കോടതിയിയിലും അമീർ കോടതിയിലും പരാതി കൊടുക്കുകയും ചെയ്തു. ഈ കേസ് നിലനിൽക്കെ തൊഴിലാളികൾക്കെതിരെ കമ്പനി അധികൃതർ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കി പരാതി നൽകി. അറസ്റ്റു ചെയ്യപ്പെട്ട അഞ്ചു പേരും 11 ദിവസം ജയിലിൽ കിടന്നു.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയും നിരപരാധികളാണെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു. സിവിൽ കോടതിയിൽ നിന്നും അമീർ കോടതിയിൽ നിന്നും അനുകൂല വിധി വന്നതും തൊഴിലാളികൾക്ക് ഗുണകരമായി. സാമൂഹിക പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂരും അയ്യൂബ് കരൂപടന്നയും അൽഹസ പോലീസ് സ്റ്റേഷനിൽ പോയി കോടതിയുടെ വിധി സമർപ്പിച്ച് യാത്രാ തടസ്സങ്ങൾ നീക്കി. സ്‌പോൺസറെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി തൊഴിലാളികളുടെ ബാക്കിയുള്ള ശമ്പളവും പാസ്‌പോർട്ടും നൽകാൻ ആവശ്യപ്പെട്ടു. അഞ്ചു പേരും കഴിഞ്ഞ ദിവസം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് നാട്ടിലേക്ക് തിരിച്ചത്.






