ലണ്ടന്‍/ന്യൂദല്‍ഹി- കൊറോണ വൈറസിനെതിരെ അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ ടെക്കും വികസിപ്പിച്ച വാക്‌സിന്‍ ഇന്നു മുതല്‍ ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്ക് കുത്തിവെച്ചു തുടങ്ങുന്നു.
ഫൈസറും മറ്റൊരു കമ്പനിയായ ആസ്ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിനുകള്‍ ഇന്ത്യയില്‍ അടിയന്തര കേസുകളില്‍ ഉപയോഗിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. രണ്ട് മരുന്നുകളും വിലയിരുത്തി ഇന്ത്യ ഉടന്‍ തന്നെ അനുമതി നല്‍കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളില്‍നിന്നുള്ള സൂചന.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദകരില്‍ ഉള്‍പ്പെടുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യക്ക് രാജ്യത്ത് വന്‍തോതില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. ആസ്ട്രാസെനെക്കയുടെ കൊറോണ വൈറസ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നല്‍കുന്നതിനുള്ള ആദ്യ ഔദ്യോഗിക അപക്ഷ സെറം ഇന്‍സ്റ്റിറ്റിയൂട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് തങ്ങളുടെ വാക്‌സിന്‍ അംഗീകരിക്കമമെന്ന ആവശ്യപ്പെട്ട് ഫൈസറും കഴിഞ്ഞയാഴ്ച അപേക്ഷ നല്‍കിയിരുന്നു. കൊറോണ വൈറസ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഭാരത് ബയോടെക് കമ്പനിയും തിങ്കളാഴ്ച അപേക്ഷ നല്‍കി.
കൊറോണ വൈറസ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനക്കു പിന്നാലെയാണ് നടപടികള്‍ ഊര്‍ജിതമായത്. ശാസ്ത്രജ്ഞരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ കൊറോണ വൈറസ് വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.
അമേരിക്കയിലും യൂറോപ്യന്‍ യൂനിയനിലും മൊത്തമായി വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ യു.കെയില്‍ കുത്തിവെപ്പ് നടത്താന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അനുമതി നല്‍കിയിരിക്കയാണ്.
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടന്‍. 61,000 ത്തിലധികം മരണങ്ങളാണ് ഇവിടെ കോവിഡ് മൂലമുണ്ടായത്.






