ഭോപാല്‍- മധ്യപ്രദേശ് വനിതാ ശിശു വികസന മന്ത്രി ഇമാര്‍തി ദേവിയോട് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നോട്ടീസിലൂടെ ആവശ്യപ്പെട്ടു. ഗ്വാളിയോറിലെ സര്‍ക്കാര്‍ ബംഗ്ലാഴ് ഒഴിയാനാണ് ആവശ്യപ്പെട്ടത്. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് പിന്നീട് ഖേദം പ്രകടിപ്പിച്ചു. മന്ത്രിക്ക് നോട്ടീസയച്ച എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ വകുപ്പ് മാറ്റുകയും ചെയ്തു.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ പോരുമായി രംഗത്തുവന്ന് പിന്നീട് രാജിവെച്ച് ബിജെപിയിലേക്കു ചേക്കേറിയ 22 എംഎല്‍എമാരിലെ ആറു മന്ത്രിമാരില്‍ ഒരാളാണ് ഇമാര്‍തി ദേവി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ദബ്‌റ മണ്ഡലത്തില്‍ തോറ്റെങ്കിലും ഇവര്‍ മന്ത്രി പദവിയില്‍ തുടരുകയാണ്. തോല്‍വിയെ തുടര്‍ന്ന് ഇമാര്‍തി ദേവി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് രാജി സമര്‍പ്പിച്ചെങ്കിലും അദ്ദേഹം അതു സ്വീകരിച്ചിട്ടില്ല.
ഗ്വാളിയോറിലെ പൊതുമാരമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓംഹരി ശര്‍മ ഡിസംബര്‍ ഒന്നിന് അയച്ച നോട്ടീസ് ശനിയാഴ്ചയാണ് മന്ത്രിക്കു ലഭിച്ചത്. മുന്‍ മന്ത്രി എന്നാണ് ഇവരെ നോട്ടീസില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മന്ത്രി പദവിയിലിരിക്കുന്ന കാലത്തേക്കാണ് ബംഗ്ലാവ് അനുവദിച്ചിട്ടുള്ളതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.






