ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിനു സമീപത്തിരുന്ന് വിഡിയോ ഗെയിം കളിച്ച യുവാവ് അറസ്റ്റില്‍

ജോധ്പൂര്‍- രാജസ്ഥാനിലെ ജോധ്പൂരില്‍ യുവാവ് കുടുംബ വഴക്കിനിടെ കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയുണ്ടായ രൂക്ഷമായ വഴക്കിനിടെയാണ് 35കാരനായ വിക്രം സിങ് ഭാര്യ 30കാരിയായ ശിവ് കന്‍വറിനെ കൊലപ്പെടുത്തിയത്. വിവരം വിക്രം തന്നെ പോലീസിനേയും ഭാര്യയുടെ ബന്ധുക്കളേയും അറിയിക്കുകയും ചെയ്തു. അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ പ്രതി മുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയുടെ സമീപത്തിരുന്ന് മൊബൈലില്‍ വിഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. വിക്രം തൊഴില്‍രഹിതനാണ്. ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടാകാറുണ്ട്. യുവതി വീട്ടില്‍ തയ്യല്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. കൊലപാതക സമയത്ത് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ല.
 

Latest News