കൊച്ചി - സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടതുപക്ഷവും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷവും നടത്തുന്ന പ്രചാരണം മൂർധന്യാവസ്ഥയിലേക്ക് കടന്നതോടെ ജനവിധി ആർക്കനുകൂലമെന്ന പ്രവചനം അസാധ്യമാക്കുകയാണ് എറണാകുളം ജില്ല. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു തരംഗം അലയടിച്ചപ്പോഴും യു.ഡി.എഫ് മേൽക്കോയ്മ നിലനിർത്തിയ ജില്ലയാണ് എറണാകുളം.
ഇക്കുറിയും ആ മേൽക്കോയ്മ നിലനിർത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണവർ. എന്നാൽ നാലര വർഷത്തെ ഇടതു ഭരണം സൃഷ്ടിച്ച നേട്ടങ്ങൾ വൻ വിജയത്തിനുള്ള ഇന്ധനമാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതു കേന്ദ്രങ്ങൾ. കക്ഷിരാഷ്ട്രീയത്തിനപ്പുറം സ്ഥാനാർഥികളുടെ മികവും ഓരോ തദ്ദേശ ഭരണകൂടവും നടത്തിയ പ്രകടനവുമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുകയെന്ന് ഇരുകക്ഷികളും വിലയിരുത്തുന്നു.
ഇരു മുന്നണികളുടെയും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, റിബൽ സ്ഥാനാർഥികൾ ഉയർത്തുന്ന ഭീഷണി, സാമുദായിക അടിയൊഴുക്കുകൾ, ട്വന്റി20 പോലുള്ള പ്രതിഭാസങ്ങൾ അങ്ങനെ പല ഘടകങ്ങളും ചേർന്നാണ് ജനവിധിയെ സങ്കീർണമാക്കുന്നത്.
കാൽ നൂറ്റാണ്ടോളം തുടർച്ചയായി ഇടതു ഭരണത്തിലായിരുന്ന കൊച്ചി കോർപറേഷൻ കഴിഞ്ഞ 10 കൊല്ലമായി യു.ഡി.എഫ് ഭരിക്കുകയാണ്. മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ കോൺഗ്രസ് നേതാക്കൾ പോലും പലവട്ടം തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. ഹൈക്കോടതി പലവട്ടം മേയറുടെ ചെവിക്ക് പിടിച്ചു.
ഭരണ മികവ് അവകാശപ്പെടാൻ യു.ഡി.എഫിന് കഴിയില്ലെങ്കിലും ഇടതുപക്ഷത്തിന് ഇതിന്റെ ആനുകൂല്യം ലഭിക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പുമില്ല. അത്രക്ക് ദുർബലമായിരുന്നു പ്രതിപക്ഷം കാഴ്ചവെച്ച പ്രകടനം. എങ്കിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് ഒരു സൂചനയാണെങ്കിൽ യു.ഡി.എഫ് ആശങ്കപ്പെടണം. യു.ഡി.എഫ് ഏറ്റവുമധികം വിമത ശല്യം നേരിടുന്ന കോർപറേഷനാണ് കൊച്ചി. 74 ൽ 12 ഇടത്ത് കോൺഗ്രസിന് വിമതരുണ്ട്. ഇതിൽ മൂന്നു പേർ സിറ്റിംഗ് കൗൺസിലർമാരാണ്.
നഗരത്തിലെ ഭരണ നേട്ടത്തേക്കാൾ യു.ഡി.എഫ് പ്രചാരണത്തിൽ ഊന്നൽ നൽകുന്നത് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന വിവാദങ്ങളിലാണ്. സൗമിനി ജെയിനിനെ മാറ്റി പുതിയ മേയർ സ്ഥാനാർഥിയായി പരിചയ സമ്പന്നനായ എൻ. വേണുഗോപാലിനെ ഇറക്കിയത് അവർക്ക് അനുകൂല ഘടകമാണ്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം. അനിൽ കുമാറാണ് ഇടതുപക്ഷം മുന്നിൽ നിർത്തുന്ന നേതാവ്. കാര്യപ്രാപ്തിയും പൊതുസമ്മതിയുമുള്ള അനിൽ കുമാർ സി.പി.എമ്മിന്റെ യുവനിരയിലെ പ്രമുഖനാണ്. 59 ഡിവിഷനുകളിൽ മത്സരിക്കുന്ന 'വി 4 കൊച്ചി' യുടെ സാന്നിധ്യവും ഈ തെരഞ്ഞെടുപ്പിൽ നിർണായകമായേക്കാം. ഇരു മുന്നണികളെയും മടുത്ത വോട്ടർമാർക്കുള്ള പുതിയൊരു ഒപ്ഷനായി വി 4 കൊച്ചി ഉയർന്നു വന്നിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് അധികാരം നിലനിർത്താൻ കിണഞ്ഞു ശ്രമിക്കുമ്പോൾ ഇടതുമുന്നണി കേരള കോൺഗ്രസ് എമ്മിന്റെ കൂടി പിന്തുണയോടെ ഭരണം തിരിച്ചുപിടിക്കാനുള്ള യത്‌നത്തിലാണ്. യു.ഡി.എഫിന് 14 സീറ്റും എൽ.ഡി.എഫിന് 13 സീറ്റുമാണ് നിലവിലുള്ളത്. അബ്ദുൽ മുത്തലിബ് ആണ് കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥി. ഇടതു മുന്നണി ആരെയും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നില്ല.
മുനിസിപ്പാലിറ്റികളിൽ 98 സീറ്റുള്ള എൽ.ഡി.എഫിനാണ് മേൽക്കൈ. 82 സീറ്റാണ് യു.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 23 സീറ്റുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫിനാണ് കൂടുതൽ സീറ്റുള്ളത്, 96-85. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഇടതിനാണ് മുൻതൂക്കം. എൽ.ഡി.എഫ് 622, യു.ഡി.എഫ് 608, ബി.ജെ.പി 49.
കേരള കോൺഗ്രസ് എം ഘടക കക്ഷിയായി എത്തിയതോടെ ത്രിതല സീറ്റുകളിൽ നേരിയ മുൻതൂക്കം ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. അതേസമയം വെൽഫെയർ പാർട്ടിയുമായുള്ള ധാരണ ന്യൂനപക്ഷ വോട്ടുകളിൽ അനുകൂല മാറ്റം സൃഷ്ടിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ബി.ജെ.പിയും മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. കിഴക്കമ്പലം പഞ്ചായത്തും രണ്ട് ബ്ലോക്ക് ഡിവിഷനുകളും പിടിച്ചെടുത്ത ട്വന്റി20 ഇക്കുറി കൂടുതൽ പഞ്ചായത്തുകളിൽ സ്ഥാനാർഥിയെ ഇറക്കിയിട്ടുണ്ട്. ഇവരുടെ പ്രകടനവും ഈ പഞ്ചായത്തുകളിൽ നിർണായകമാകും.