കണ്ണൂർ - യു.ഡി.എഫിലെ വെൽഫെയർ പാർട്ടി വിവാദം കണ്ണൂരിലും. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ തദ്ദേശ പോര് 2020 ൽ മൂന്നു മുന്നണികളുടെയും നേതാക്കൾ കൊമ്പ് കോർത്തതും പരസ്പരം പഴി ചാരിയതും ഈ വിഷയത്തെ ചൊല്ലിയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവരാണ് സംവാദത്തിൽ സംബന്ധിച്ചത്.
മത രാഷ്ട്രവാദം ഉയർത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കുന്നത് വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു എം.വി. ജയരാജൻ ആരോപിച്ചതോടെയാണ് സംവാദത്തിന് ചൂടു വന്നത്. കണ്ണൂർ ജില്ലയിൽ യു.ഡി.എഫും വെൽഫെയർ പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യ കണക്ക് അക്കമിട്ട് നിരത്തിയാണ് ജയരാജൻ തന്റെ വാദം സമർഥിച്ചത്. മാത്രമല്ല, തലശ്ശേരി ചേറ്റംകുന്നിൽ യു.ഡി.എഫ്, ബി.ജെ.പി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ വിചിത്ര സഖ്യം നിലനിൽക്കുന്നതായും ജയരാജൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായമഭ്യർഥിച്ച് വെൽഫെയർ പാർട്ടിയുടെ പിന്നാലെ നടന്ന ജയരാജനാണ് ഇപ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് സതീശൻ പാച്ചേനി തുറന്നടിച്ചു. കൂത്തുപറമ്പിൽ കെ.കെ. ശൈലജ ടീച്ചർക്ക് വേണ്ടിയും അഴീക്കോട്ട് എം.വി. നികേഷ് കുമാറിനു വേണ്ടിയുമാണ് പ്രധാനമായും സഹായം തേടിയത്. വെൽഫെയർ പാർട്ടിയുമായി ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് യാതൊരു തെരഞ്ഞെടുപ്പ് സഖ്യവുമില്ലെന്നും എന്നാൽ പ്രാദേശിക തലത്തിൽ സ്വതന്ത്ര സ്ഥാനാർഥികളുമായി സഹകരണം നിലവിലുണ്ടെന്നും സതീശൻ പാച്ചേനി പറഞ്ഞു. കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങൾ തീരുമാനിച്ചതനുസരിച്ചാണ് പ്രാദേശിക തലത്തിൽ ധാരണകളുണ്ടാക്കുന്നത്. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിന് നിരുപാധിക പിൻതുണ നൽകിയിരുന്നു. വർഗീയതയെ ചെറുക്കുന്ന നിലപാട് യു.ഡി.എഫ് കൈക്കൊള്ളുന്നതിനാലാണിതെന്നും സതീശൻ പാച്ചേനി പറഞ്ഞു.
കിട്ടാത്ത മുന്തിരി പുളിക്കും എന്ന നിലപാടാണ് വെൽഫെയർ പാർട്ടി വിഷയത്തിൽ സി.പി.എമ്മിന്റേതെന്ന് തുടർന്ന് സംസാരിച്ച ബി.ജെ.പി പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു. മതനിരപേക്ഷതയെക്കുറിച്ച് പ്രസംഗിക്കുകയും വർഗീയതയെ വാരിപ്പുണരുകയും ചെയ്യുന്ന നിലപാടാണ് കാലകാലങ്ങളായി സി.പി.എമ്മും കോൺഗ്രസും സ്വീകരിക്കുന്നത്. വെൽഫെയർ പാർട്ടിയുമായും പി.ഡി.പിയുമായും എസ്.ഡി.പി.ഐയുമായും ഇരു പാർട്ടികളും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് ഇപ്പോൾ രൂപപ്പെട്ടതല്ല. മത രാഷ്ട്രവാദം ആ പ്രസ്ഥാനം രൂപം കൊണ്ടപ്പോൾ തന്നെ ഉണ്ടായതാണെന്നും ഹരിദാസ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ സഹായിക്കാൻ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ചവരാണ് സി.പി.എമ്മെന്ന് തലശ്ശേരിയിലെ സാജിത ടീച്ചറുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഹരിദാസ് പറഞ്ഞു. സാജിത ടീച്ചർ ലീഗ് വിട്ട് സ്വതന്ത്രയായി മത്സരിക്കുന്നതിനാലാണ് പിന്തുണ നൽകിയതെന്നായിരുന്നു ഇതിന് എം.വി.ജയരാജന്റെ മറുപടി.
സ്വർണക്കടത്തും സോളാറും മയക്കുമരുന്നു കേസും ഉൾപ്പെടെ വിവിധ വിഷയങ്ങൾ സംവാദത്തിൽ കടന്നു വന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് മൂന്ന് നേതാക്കളും അവകാശപ്പെട്ടു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ സിജി ഉലഹന്നാൻ നന്ദി പറഞ്ഞു.