തിരുവനന്തപുരം- തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുഴുകിയിരിക്കെയാണ് സി.പി.എം. പ്രവർത്തകൻ മണിലാലിനെ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 110 ദിവസത്തിനുള്ളിൽ അഞ്ച് സി.പി.ഐ.എം. പ്രവർത്തകരെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്. ആർ.എസ്.എസും യു.ഡി.എഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ട്. ആ സഖ്യത്തിന്റെ തീരുമാനമാണോ തുടർച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.






