സ്‌ഫോടനത്തില്‍ എ.ടി.എം തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം; സൗദി യുവാവ് അറസ്റ്റില്‍

ഹായില്‍ - ഹായിലില്‍ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സൗദി യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇരുപതുകാരനാണ് പിടിയിലായത്. പുലര്‍ച്ചെ അഞ്ചു മണിക്ക് മുഖംമൂടി ധരിച്ച് കാറിലെത്തിയ യുവാവ് എ.ടി.എം രഹസ്യമായി നിരീക്ഷിക്കുകയും പിന്നീട് ഗ്യാസ് സിലിണ്ടര്‍ എത്തിച്ച് എ.ടി.എമ്മിനകത്ത് ഗ്യാസ് നിറച്ച് എ.ടി.എം സ്‌ഫോടനത്തിലൂടെ തകര്‍ത്ത് പണം കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ റോഡിലൂടെ കാറുകള്‍ വരുന്നത് കണ്ട് യുവാവ് ഓടിമറഞ്ഞു.
കാറില്‍ കടന്നുപോകുന്നതിനിടെ എ.ടി.എമ്മിനു സമീപം ഗ്യാസ് സിലിണ്ടര്‍ ശ്രദ്ധയില്‍ പെട്ട മറ്റൊരു സൗദി പൗരന്‍ ഉടന്‍ തന്നെ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഏറെ കരുതലോടെ പ്രദേശം വളഞ്ഞ സുരക്ഷാ സൈനികര്‍ പിന്നീട് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് എ.ടി.എം നിരീക്ഷിക്കുന്നതിന്റെയും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മെഷീനകത്ത് ഗ്യാസ് നിറക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

 

Latest News