ബോംബെ ഓഹരി സൂചിക പുതുവർഷത്തിൽ 50,000 പോയന്റിലേക്ക് പ്രവേശിക്കാനുള്ള അവസാനഘട്ട മിനുക്ക് പണിയുടെ തിരക്കിലാണ്. മാർച്ചിലെ ബജറ്റ് പ്രഖ്യാപനം വിപണിയിൽ വൻ ബുൾ തരംഗം സൃഷ്ടിക്കാനുള്ള സാധ്യത തെളിയുകയാണ്. ഇതിനിടയിൽ കോവിഡ് വാക്‌സിൻ വിജയിച്ചാൽ സെൻസെക്‌സിന് അര ലക്ഷത്തിലേക്ക് അതിവേഗം ദൂരം കുറക്കാനാവും. അഞ്ചാം വാരത്തിലും നേട്ടത്തിലാണ് ഇന്ത്യൻ ഇൻഡക്‌സുകൾ. അമേരിക്കൻ ഡോളർ സൂചികയ്ക്ക് നേരിട്ട തളർച്ച മറികടക്കാൻ രാജ്യാന്തര ഫണ്ടുകൾ വൻതോതിൽ പണം ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിക്ഷേപിക്കുകയാണ്. ഒരു മാസത്തിനിടയിൽ 11 ശതമാനമാണ് സെൻസെക്‌സും നിഫ്റ്റിയും മുന്നേറിയത്. ഈ കാലയളവിൽ ബി എസ് ഇ 4363 പോയന്റും എൻ എസ് ഇ 1350 പോയന്റും ഉയർന്നു.
കോവിഡ് വാക്‌സിൻ വിജയമായാൽ സാമ്പത്തിക മേഖലയിൽ വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. 2021 രണ്ടാം പകുതിയിൽ ഉണർവിന് തുടക്കം കുറിച്ചാൽ 2022 മാർച്ചിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എട്ട് ശതമാനത്തിലേയ്ക്കും പ്രവേശിക്കാം. ബോംബെ സൂചിക 44,149 ൽ നിന്ന് 45,148 ലേയ്ക്ക് കയറിയത് വിപണിയെ ആവേശം കൊള്ളിച്ചു. വാരാന്ത്യം 45,079 പോയിന്റിൽ നിലകൊള്ളുന്ന സൂചിക 45,445 ലെ പ്രതിരോധത്തിലേയ്ക്ക് മുന്നേറാൻ തന്നെയാവും ആദ്യ ശ്രമം. ഇതിനിടയിൽ യു എസ് ഡോളർ സൂചികയിലെ തളർച്ച തുടർന്നാൽ സെൻസെക്‌സിന് 45,811 ലേക്ക് ചുവടു വെക്കാനാവും. വിൽപന സമ്മർദം ഉടലെടുത്താൽ 44,415 ൽ താങ്ങുണ്ട്. മറ്റു സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെന്റ്, പാരാബോളിക് എസ് എ ആർ എന്നിവ ബുള്ളിഷാണ്.
നിഫ്റ്റി സൂചിക ആദ്യമായി 13,200 ന് മുകളിൽ വാരാന്ത്യം ഇടം കണ്ടത്തി. മുൻ വാരത്തിലെ 12,969 ൽ നിന്ന് 13,280 വരെ കയറിയെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 13,324 തടസ്സം മറികടക്കാനായില്ല. നിഫ്റ്റി അതിന്റെ 50 ദിവസത്തെ ശരാശരിക്ക് മുകളിലാണ്. വാരാന്ത്യം നിഫ്റ്റി 13,258 പോയന്റിലാണ്. നിഫ്റ്റി ഉറ്റുനോക്കുന്നത് 13,371 പോയന്റിനെയാണ്. 13,053 ലെ താങ്ങ് ലാഭമെടുപ്പിനിടയിലും നിലനിർത്താനായാൽ അടുത്ത ലക്ഷ്യം 13,484 പോയന്റായി മാറും. എന്നാൽ 13,053 ൽ പിടിച്ചു നിലക്കാനായില്ലെങ്കിൽ 12,848 റേഞ്ചിലേക്ക് തിരുത്തലിന് ഇടയുണ്ട്.
ആർ ബി ഐ പലിശ നിരക്ക് നാല് ശതമാനത്തിൽ തുടരാൻ തീരുമാനിച്ചത് വിപണിക്ക് അനുകൂലമായി. മുന്നാം തവണയാണ് ആർ ബി ഐ വായ്പാ അവലോകനത്തിൽ പലിശ സ്റ്റെഡിയായി നിർത്തുന്നത്. എന്നാൽ ഈ വർഷം ആദ്യ യോഗങ്ങളിലായി പലിശയിൽ മൊത്തം 115 ബേസിസ് പോയന്റ് കുറവ് വരുത്തി. പണപ്പെരുപ്പം മുന്നേറുകയാണെങ്കിലും സമ്പദ്‌വ്യവസ്ഥ വൈകാതെ ശക്തി പ്രാപിക്കുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര ബാങ്ക്. ആർ ബി ഐയുടെ പ്രഖ്യാപനം പുറത്തുവന്ന വെള്ളിയാഴ്ച മിഡ് ക്യാപ്‌സ്‌മോൾ ക്യാപ് ഇൻഡക്‌സുകളിൽ 400 ഓളം ഓഹരികളുടെ വില ഉയർന്നു. ബാങ്കിംഗ്, ഫിനാൻഷ്യൽസ്, റിയൽറ്റി, ഓട്ടോ വിഭാഗം ഓഹരികൾ ശ്രദ്ധിക്കപ്പെട്ടു.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 73.94 ൽ നിന്ന് 73.76 ലേയ്ക്ക് രൂപ കരുത്ത് കാണിച്ചു. വിദേശ നിക്ഷേപം ഉയർന്നത് രൂപ നേട്ടമാക്കി. വിദേശ ഓപറേറ്റർമാർ ഡിസംബറിൽ ഇതിനകം 17,818 കോടി രൂപ നിക്ഷേപിച്ചതിൽ 16,250 കോടി ഓഹരിയിലും ശേഷിക്കുന്ന തുക കടപത്രത്തിലും ഇറക്കി. മുൻ നിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ 91,929 കോടി രൂപയുടെ വർധന. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ തുടർച്ചയായ അഞ്ചാം വാരത്തിലും കത്തിക്കയറി.
ഇതിനിടയിൽ ആഭ്യന്തര പെട്രോൾ, ഡീസൽ വിലകൾ രണ്ട് വർഷത്തെ ഉയർന്ന തലത്തിലാണ്. 16 ദിവസത്തിനിടയിൽ 13 തവണ പെട്രോളിയം ഉൽപന്നങ്ങളുടെ വില ഇന്ത്യ ഉയർത്തിയത് പ്രദേശിക നിക്ഷേപകരെ ആശങ്കയിലാക്കി.