Sorry, you need to enable JavaScript to visit this website.

അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ച്   താമസക്കാരെ എത്തിച്ചുവെന്ന്  റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബും ലാ പാസില്‍നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് പുതുതായി പണിത ഗ്രാമങ്ങള്‍. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിര്‍മിതിയെന്നാണ് വിലയിരുത്തല്‍.
2020 ഫെബ്രുവരിനവംബര്‍ മാസത്തിനുള്ളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിര്‍മിച്ചതെന്നാണ് സൂചന. ഇതോടെ കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷ വേളയിലും ചൈന ഈ ഗ്രാമങ്ങളുടെ നിര്‍മാണം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
ആദ്യ ഗ്രാമത്തില്‍ 20ലധികം കെട്ടിട്ടങ്ങളുണ്ട്. രണ്ടാമത്തെതില്‍ 50ഓളം കെട്ടിടങ്ങളും മൂന്നാമത്തെ ഗ്രാമത്തില്‍ പത്ത് കെട്ടിടങ്ങളും ചൈന പണിതിട്ടുണ്ടെന്നാണ് ഈ മേഖലയുടെ ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ടാര്‍ ചെയ്ത റോഡുകളുടെ നിര്‍മിച്ചിട്ടുണ്ട്.
അതിര്‍ത്തിയിലെ അവകാശവാദങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കടന്നുകയറ്റങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചൈനീസ് ടിബറ്റന്‍ അംഗങ്ങളെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുന്നതിനുള്ള തന്ത്രമാണ് ചൈനയുടെതെന്ന് ചൈനീസ് നിരീക്ഷകനായ ഡോ. ബ്രഹ്മ ചെല്ലാനി പറഞ്ഞു. ദക്ഷിണ ചൈനാ കടലില്‍ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കടന്നുകയറിയത് പോലെ ഇന്ത്യന്‍ സംഘം പട്രോളിങ് നടത്തുന്ന ഹിമാലയന്‍ പ്രദേശങ്ങളില്‍ നുഴഞ്ഞുകയറാന്‍ സമാന മാര്‍ഗങ്ങള്‍ ചൈന ഉപയോഗിച്ചേക്കാമെന്നും ചെല്ലാനി വ്യക്തമാക്കി.
ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം നിര്‍മിച്ച ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമ നിര്‍മിതിയുടെ ചിത്രങ്ങളും പുറത്തുവന്നത്. 
 

Latest News