പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ നവവധുവിന്  വീട്ടില്‍ നോ എന്‍ട്രി 

ഹൈദരാബാദ്- ആന്ധ്രാപ്രദേശില്‍ ക്ലാസ്മുറിയില്‍വച്ച് സഹപാഠിയെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാതെ മാതാപിതാക്കള്‍. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷന്‍ അഭയം നല്‍കി. കൗണ്‍സിലിങ്ങിനായി പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആണ്‍കുട്ടിയുടെ കുടുംബവുമായും കമ്മിഷന്‍ അംഗങ്ങള്‍ സംസാരിച്ചു. ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്‌കൂളിലാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍രോഷം ഉയര്‍ന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തിരുന്നു.
നവംബര്‍ ആദ്യവാരമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു താലികെട്ട്. ആളൊഴിഞ്ഞ ക്ലാസ് മുറിയിലായിരുന്നു വിവാഹം. ആരെങ്കിലും വരുന്നതിന് മുന്‍പ് വേഗം താലികെട്ടാന്‍ വിഡിയോ പകര്‍ത്തിയ സുഹൃത്ത് ഉപദേശിക്കുന്നതും കേള്‍ക്കാം. 


 

Latest News