ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലണ്ടനില്‍ ആയിരങ്ങളുടെ മാര്‍ച്ച്; നിരവധി പേര്‍ അറസ്റ്റില്‍

ലണ്ടന്‍- ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ മധ്യ ലണ്ടനില്‍ ഞായറാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു  സമീപത്തായിരുന്നു പ്രതിഷേധം. ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രകടനം. കോവിഡ് നിയന്ത്രണ ചട്ടങ്ങല്‍ ലംഘിച്ചതിന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിനു സമീപം ഒരു കൂട്ടമാളുകള്‍ സമരം തുടങ്ങി. പിന്നീട് ട്രഫല്‍ഗര്‍ ചത്വരത്തിനു സമീപത്തേക്ക് കൂടുതല്‍ സംഘങ്ങള്‍ പ്രതിഷേധ പ്രകടനവുമായി എത്തിച്ചേരുകയായിരുന്നു. 

ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പമാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളേന്തിയാണ് നിരവധി പേര്‍ എത്തിയത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളത് ചൂണ്ടിക്കാട്ടി ഇവരോട് പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. സമരക്കാര്‍ കാറുകള്‍ നിരത്തിയിട്ട് റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് സിഖുകാരാണ് പ്രതിഷേധത്തില്‍ പ്രധാനമായും പങ്കെടുത്തത്. 

ഇന്ത്യാ വിരുദ്ധരായ വിഘടനവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വക്താവ് പ്രതികരിച്ചു. 

Latest News