ന്യൂദൽഹി- ദൽഹിയിൽ കൂട്ടബലാത്സംഗത്തിനിരായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന് ജോലി നൽകുകയും മുഴുവൻ പ്രതിസന്ധികളിലും കൂടെനിന്നത് രാഹുൽ ഗാന്ധിയായിരുന്നുവെന്ന വാർത്തക്ക് സ്ഥിരീകരണവുമായി പെൺകുട്ടിയുടെ അച്ഛനും അമ്മയും രംഗത്ത്. രാഹുലിനോടുള്ള നന്ദി പറഞ്ഞാലും പറഞ്ഞാലും തീരില്ലെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.
രാഹുൽ ഗാന്ധി അദ്ദേഹത്തിന് കഴിയാവുന്ന രീതിയിലൊക്കെ ഞങ്ങളെ സഹായിച്ചുവെന്ന് പെൺകുട്ടിയുടെ അച്ഛൻ ബദ്രിനാഥ് സിംഗ് വ്യക്തമാക്കി.
എന്റെ മകൻ ഇപ്പോൾ പൈലറ്റാണ്. ഈയടുത്താണ് പരിശീലനം പൂർത്തിയാക്കിയത്. ഇൻഡിഗോ എയർലൈൻസിലാണ് അവൻ ജോലി ചെയ്യുന്നത്. നേരത്തെ തന്നെ അവൻ വിമാനം പറപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സഹായം കൊണ്ടാണ് അവന് ഇതെല്ലാം നേടാൻ കഴിഞ്ഞത്.
റായ്ബറേലയിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറൻ അക്കാദമിയിലാണ് നിർഭയയുടെ സഹോദരൻ പഠനം നടത്തിയത്. ഇവിടെ പ്രവേശനം ലഭിക്കുന്നതിനുള്ള സഹായം അടക്കമുള്ള കാര്യങ്ങൾ ചെയ്തത് രാഹുലായിരുന്നുവെന്ന് ബദ്രിസിംഗ് വ്യക്തമാക്കി.
മകൾക്കുണ്ടായ ദുരനുഭവത്തിന് ശേഷം ഞങ്ങളെ എല്ലാനിലക്കും പരിപാലിച്ചത് തന്നെ രാഹുലായിരുന്നു. തികച്ചും വൈകാരികമായ അടുപ്പമാണ് എന്റെ കുടുംബവുമായി രാഹലുണ്ടാക്കിയത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം രാഹുൽ സഹായിച്ചു. മകൻ പൈലറ്റായത് രാഹുലിന്റെ സഹായം കൊണ്ടുമാത്രമാണ്.
താൻ സഹായിക്കുന്ന കാര്യം ഒരാളും അറിയരുതെന്ന് രാഹുലിന് നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ വാർത്ത എങ്ങിനെയോ പുറത്തുവന്നു. അതുകൊണ്ടാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. രാഷ്ട്രീയനേട്ടത്തിന് വേണ്ടിയല്ല ഇങ്ങിനെ ചെയ്യുന്നത് എന്ന് രാഹുൽ എപ്പോഴും പറയാറുണ്ടായിരുന്നു. മാനുഷിക പരിഗണനയാണ് നോക്കിയത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. സത്യം സത്യമായി അവേശേഷിക്കുന്നു. അദ്ദേഹത്തോട് പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര നന്ദിയുണ്ട്.
മകൾക്കുണ്ടായ ദുരന്തത്തിന് ശേഷം എന്റെ മകന് ജീവിതത്തിൽ ഏറെ പ്രചോദനം നൽകുന്ന തരത്തിലുള്ള ഉപദേശങ്ങൾ നൽകിയത് രാഹുലായിരുന്നുവെന്നും മകന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമായത് അങ്ങനെയാണെന്നും ബദ്രിനാഥ് സിംഗ് പറഞ്ഞു.






