കൊല്ലം- കുണ്ടറ മണ്‍റോത്തുരുത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. മയൂഖം ഹോം സ്‌റ്റേ ഉടമ വില്ലിമംഗലം നിധി പാലസില്‍ മണിലാല്‍ (50) ആണു മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ ബാങ്ക് ശാഖയ്ക്കു സമീപമായിരുന്നു സംഭവം. വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായ നെന്‍മേനി തെക്ക് തുപ്പാശേരില്‍ അശോകന്‍ (55), വില്ലിമംഗലം വെസ്റ്റ് പനിക്കന്തറ സത്യന്‍(51) എന്നിവരെ കിഴക്കേകല്ലട പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദല്‍ഹി പോലീസില്‍നിന്നു വിരമിച്ചയാളാണ് അശോകന്‍.
പരിസരവാസികള്‍ മണിലാലിനെ കൊല്ലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിലാലിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ: ജയശ്രീ. മകള്‍: അരുണിമ (എംസിഎ വിദ്യാര്‍ഥിനി).






