തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപിനെ സഹായിക്കുന്ന പ്രമുഖന് കോവിഡ്

വാഷിംഗ്ടണ്‍- യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് നിയമപരമായ സഹായം നല്‍കുന്ന പ്രമുഖന്‍  റൂഡി ജിയൂലിയാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മെഡ്സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന  ഇദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മുന്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ക്ക്  76 വയസുള്ളതിനാല്‍ കോവിഡ് സങ്കീര്‍ണതകള്‍ക്ക് സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വളരെ നല്ല പരിചരണവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്നും അതിവേഗം സുഖം പ്രാപിക്കുകയാണെന്നും റൂഡി ജിയൂലിയാനി ട്വീറ്റ് ചെയ്തു.

ന്യൂയോര്‍ക്ക് സിറ്റിയയുടെ ചരിത്രത്തില്‍ മഹാനായ മേയറും യു.എസ് ചരിത്രതത്തില്‍ ഏറ്റവും അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പാണിതെന്ന് തെളിയിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നയാളുമായ റൂഡി ജിയൂലിയാനിക്ക് കോവിഡ് ബാധിച്ചുവെന്ന് ട്രംപ് തന്റെ ട്വീറ്റില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സുഖംപ്രാപിച്ച് ദൗത്യം തുടരാന്‍ ആശംസിക്കുകയും ചെയ്തു.

ട്രംപിന്റെ സഹായികളില്‍ ഏറ്റവും അവസാനം രോഗം ബാധിച്ച പ്രമുഖനാണ്  ജിയൂലിയാനി. ട്രംപ് തന്നെ രോഗബാധിതനായി ഒക്ടോബര്‍ ആദ്യം ദിവസങ്ങളോളം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ്, ഒന്നിലധികം മുതിര്‍ന്ന ഉപദേഷ്ടാക്കള്‍, പ്രസ് സെക്രട്ടറി, പ്രചാരണ മാനേജര്‍, മൂത്തമകന്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

 

Latest News