സ്വർണക്കടത്ത്; എൻ.ഐ.എ അന്വേഷണം പ്രതിസന്ധിയിൽ

കൊച്ചി- സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു. യു.എ.ഇ കോൺസൽ ജനറലിനെ ചോദ്യം ചെയ്യണമെന്നും ആവശ്യമുണ്ട്.  കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാൽ അവർക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. കോൺസൽ ജനറലിന്റെയും അറ്റാഷെയുടെയും പങ്ക് അന്വേഷിക്കണമെന്നും ഇവരുടെ മൊഴിയെടുക്കണമെന്നും എൻ.ഐ.എ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
അതേസമയം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം ഏറെക്കുറെ വഴിമുട്ടിയ അവസ്ഥയിലാണ്. യു.എ.പി.എ ചുമത്തിയ കേസിൽ തീവ്രവാദ ഫണ്ടിംഗിന് ഇതുവരെ തെളിവ് ലഭിച്ചില്ല. തെളിവ് കണ്ടെത്താനായില്ലെങ്കിൽ യു.എ.പി.എ റദ്ദാക്കപ്പെടുമെന്നാണ് സൂചന. കുറ്റപത്രം സമർപ്പിക്കാൻ ഒരാഴ്ച ശേഷിക്കേയാണ് എൻ.ഐ.എ അന്വേഷണം വഴിമുട്ടിയത്. റബിൻസിന്റെ കൈയിൽ നിന്ന് കാര്യമായ തെളിവ് ലഭിച്ചില്ലെന്നും യു.എ.ഇയിലുള്ള ഫൈസൽ ഫരീദിനെ കിട്ടാതെ അന്വേഷണം മുന്നോട്ട് നീങ്ങില്ലെന്നുമാണ് എൻ.ഐ.എ പറയുന്നത്. നിലവിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ശ്രമിച്ചെന്ന കുറ്റം മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. യു.എ.പി.എ നിലനിൽക്കുമോ എന്ന് കോടതി പലവട്ടം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം ഘട്ടങ്ങളിലൊക്കെ ഗുരുതരമായ ആരോപണങ്ങളാണ് എൻ.ഐ.എ പ്രതികൾക്കെതിരെ ഉന്നയിച്ചിരുന്നത്. കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യത്തിലാണ്.
 

Latest News