തിരുവനന്തപുരം- തലസ്ഥാന നഗരത്തിന്റെ ഭരണം ആരു പിടിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകാൻ പോകുന്ന മാറ്റങ്ങളുടെ ചൂണ്ടുപലകയാകും തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ അഞ്ചു വർഷം കേവല ഭൂരിപക്ഷമില്ലാതെ ഭരിച്ച എൽ.ഡി.എഫിന് കോർപറേഷൻ ഭരണം പിടിക്കുക എളുപ്പമാകില്ല.
ഇത്തവണ തലസ്ഥാനത്ത് താമര വിരിയും എന്നു തന്നെയാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. 100 സീറ്റുള്ള നഗരസഭയിൽ കഴിഞ്ഞ തവണ 35 സീറ്റുകൾ ബി.ജെ.പി നേടിയിരുന്നു. 22 വാർഡുകളിൽ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോർപറേഷൻ പരിധിയിലെ മൂന്ന് മണ്ഡലങ്ങളിൽ നിർണയക ശക്തിയാകാനും ബി.ജി.പിക്ക് സാധിച്ചു.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കോർപറേഷൻ ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പി കൈമെയ് മറന്ന് പ്രവർത്തിക്കുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി വിജയിക്കേണ്ടത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിലനിൽപിന് ആവശ്യവുമാണ്. വിമതരുടെ ശബ്ദം ദുർബലമാക്കാൻ ഈ വിജയം അനിവാര്യം. അഴിമതിയുടേയും അന്വേഷണങ്ങളുടേയും പിടിയിൽപെട്ട് മുഖം നഷ്ടപ്പെട്ട എൽ.ഡി.എഫിന് തെരഞ്ഞെടുപ്പ് അത്ര എളുപ്പമല്ലെന്ന് വ്യക്തം. പ്രചാരണ രംഗത്ത് ശക്തമായ വിഷയങ്ങളില്ലാത്തത് അവരെ വലയ്ക്കുന്നുണ്ട്. തിരുവനന്തപുരം കോർപറേഷൻ നിലനിർത്താനായാൽ മുഖം രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. പ്രചാരണത്തെ മുന്നിൽ നിന്ന് നയിക്കാൻ ഇക്കുറി ആരുമുണ്ടായില്ല. പ്രചാരണ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യമുണ്ടായില്ല. ഇത് സ്ഥാനാർഥികൾ ആഗ്രഹിച്ചതുമില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോലും പോസ്റ്ററുകളിൽ ഇടം പിടിച്ചിട്ടില്ല. യു.ഡി.എഫ് ഇക്കുറി നില മെച്ചപ്പെടുത്തും എന്നതിൽ സംശയമില്ല. എന്നാൽ ഭരണം പിടിക്കാൻ കഴിയുമോ എന്ന് പറയാനാവില്ല. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവി അവർക്ക് മുന്നിലുണ്ട്.
മേയർ സ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന നഗരസഭയിൽ ഇത് മുന്നിൽ കണ്ടാണ് മുന്നണികൾ സ്ഥാനാർഥികളെ നിർത്തിയത്. എൽ.ഡി.എഫും എൻ.ഡി.എയും 57 സീറ്റുകളിൽ വീതമാണ് വനിതകളെ മത്സരിപ്പിക്കാൻ നൽകിയത്. ഇതിൽ ഏഴ് സീറ്റുകൾ ജനറൽ സീറ്റാണെന്ന പ്രത്യേകതയുണ്ട്. എൽ.ഡി.എഫിന്റെ 57 വനിതകളിൽ ജനറൽ വാർഡിൽ മത്സരിക്കുന്ന ഏഴ് പേരും സിറ്റിങ് കൗൺസിലർമാരാണ്. സി.പി.എം മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മഹിളാ അസോസിയേഷൻ നേതാവ് എസ്.പുഷ്പലത നെടുങ്കാട് വാർഡിൽ തന്നെയാണ് മത്സരിക്കുന്നത്. ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനെ വഴുതയ്ക്കാട് വാർഡിൽ സി.പി.ഐ രംഗത്തിറക്കി.
എ.കെ.പി.സി.ടി.എ നേതാവും അധ്യാപികയുമായ ഡോ.എ.ജി ഒലീനയാണ് സി.പി.എമ്മിന്റെ മറ്റൊരു മേയർ സ്ഥാനാർഥി. കുന്നുകുഴി വാർഡിലാണ് ഒലീന മത്സരിക്കുന്നത്. കഴിഞ്ഞ കൗൺസിലിന്റെ അവസാന കാലത്ത് ബി.ജെ.പി വിട്ടുവന്ന എസ്.വിജയകുമാരി എൽ.ഡി.എഫ് പിന്തുണയോടെ പാൽക്കുളങ്ങരയിലും മത്സരിക്കുന്നുണ്ട്.
ബി.ജെ.പിയിലെ നാല് സിറ്റിങ് കൗൺസിലർമാരാണ് ജനറൽ വാർഡുകളിൽ മത്സരിക്കുന്നത്. യു.ഡി.എഫ് മൂന്ന് പേരെ ജനറൽ സീറ്റിൽ മത്സരിപ്പിക്കുന്നുണ്ട്. കോർപറേഷൻ പിടിക്കുന്നതിനായി ബി.ജെ.പിയുടെ മുതിർന്ന നേതാക്കളെ തന്നെ മത്സര രംഗത്ത് ഇറക്കിയിട്ടുണ്ട്. ബി.ജെ.പി ജില്ലാ അധ്യക്ഷൻ വിവി.രാജേഷ്, മുൻ ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ് എന്നിവർ മത്സരിക്കുന്നുണ്ട്.
ബി.ജെ.പി സംസ്ഥാന നേതാക്കൾ നഗരത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി വി.മുരളീധരൻ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇത്തവണ തലസ്ഥാനം ബി.ജെ.പി പിടിച്ചാൽ യു.ഡി.എഫ്-എൽ.ഡി.എഫിന് ദേശീയ തലത്തിൽ തന്നെ ക്ഷീണമാകുമെന്ന് ഉറപ്പാണ്.