വെൽഫെയർ പാർട്ടിയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച. യു.ഡി.എഫ് അവരുമായി ധാരണയുണ്ടാക്കിയതോടെ അത് ഇടതുമുന്നണിയിൽ മാത്രമല്ല, യു.ഡി.എഫിലെ ഘടക കക്ഷികളിലും വലിയ ചർച്ചയാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ മുറുകുകയാണ്. കോവിഡ് വ്യാപന ഭീതി മൂലം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്കിടയിലും പരമാവധി വോട്ടർമാരിലേക്കെത്താനാണ് സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ശ്രമിക്കുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിൽ പോളിംഗിന് ഇനി ഒമ്പത് നാൾ മാത്രമാണ് ബാക്കിയുള്ളത്.
പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശ പ്രവാഹമായിരുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും മറ്റു സാമൂഹ്യ മാധ്യമങ്ങളും പരമാവധി ഉപയോഗിച്ചുള്ള പ്രചാരണം. രണ്ടാം ഘട്ടമായപ്പോഴേക്കും സ്ഥാനാർഥി സംഗമം, കുടുംബ യോഗങ്ങൾ, ഫഌക്‌സ് പ്രചാരണം, വാഹനങ്ങളിൽ മൈക്ക് കെട്ടിയുള്ള പ്രചാരണം, വീടുകളിലെത്തിയുള്ള പ്രചാരണം, നോട്ടീസ് വിതരണം തുടങ്ങി പരമ്പരാഗതമായ രീതികളും സജീവമായിരിക്കുകയാണ്. വീടുകളിൽ കയറിയുള്ള പ്രചാരണത്തിന് നിയന്ത്രണമുള്ളതിനാൽ രണ്ടോ മൂന്നോ പേരുള്ള ചെറു സംഘങ്ങളാണ് വീടുകളിൽ എത്തുന്നത്. വീടിനകത്ത് കയറാതെയാണ് പലയിടത്തും വോട്ട് പിടിത്തം നടക്കുന്നത്.
വിവിധ മുന്നണികളുടെ നേതാക്കൾ ഇതിനകം ജില്ലയിൽ പ്രചാരണത്തിനെത്തിയിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ജില്ലകളിലാണ് സംസ്ഥാനതല നേതാക്കൾ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മാസം പത്തിന് ശേഷം കൂടുതൽ നേതാക്കൾ ജില്ലയിലെത്തും. യു.ഡി.എഫിന് മേൽകൈയുള്ള മലപ്പുറം ജില്ലയിൽ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച അടവു നയം ഏറെ കാലമായി ഇരുമുന്നണികളും പരീക്ഷിക്കുന്ന ജില്ലയാണ് മലപ്പുറം. സംസ്ഥാന തലത്തിലെ മുന്നണി ബന്ധങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാധാന്യം നൽകാറില്ല. ഇടതു,വലതു മുന്നണികൾ ബി.ജെ.പിയെ മാറ്റിനിർത്തുകയെന്ന പൊതു നയം സ്വീകരിച്ച് മറ്റു ചെറു പാർട്ടികളുമായി രഹസ്യ ധാരണയുണ്ടാക്കുന്നതിൽ തെറ്റു കാണാറില്ല. ഓരോ തെരഞ്ഞെടുപ്പിലും ഈ രഹസ്യ ധാരണയിൽ മാറ്റങ്ങളുണ്ടാകുമെന്ന് മാത്രം.
പാർട്ടി വോട്ടുകൾ നഷ്ടപ്പെടാതെ കാക്കുന്നതോടൊപ്പം സമാന ചിന്താഗതിക്കാരായ ചെറുപാർട്ടികളുടെ പിന്തുണ നേടുകയെന്നതുമാണ് യു.ഡി.എഫിന്റെ നിലപാട്. മുസ്‌ലിം ലീഗിന് സ്വന്തം നിലയിൽ തന്നെ വിജയിക്കാനാകുന്ന സീറ്റുകൾ ജില്ലയിൽ ഏറെയുണ്ട്. അതേസമയം മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെ കൂടി ഒപ്പം നിർത്തുകയെന്ന ഉത്തരവാദിത്തം മലപ്പുറം ജില്ലയിൽ ലീഗിനാണുള്ളത്. യു.ഡി.എഫ് ബന്ധത്തിൽ പലപ്പോഴും വിള്ളലുകൾ ഉണ്ടാകാറുണ്ട്. സീറ്റ് വിഭജനത്തിൽ ലീഗ് കോൺഗ്രസിനെ തഴയുന്നുവെന്ന പരാതി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പോലും ഉയർത്തുന്ന ജില്ലയുമാണ് മലപ്പുറം. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലെല്ലാം മുന്നണിക്കുള്ളിലെ വിള്ളൽ യു.ഡി.എഫിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തവണ നേരത്തെ തന്നെ അത്തരം പ്രശ്‌നങ്ങളെല്ലാം ചർച്ചകളിലൂടെ പരമാവധി പരിഹരിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരുന്നത്. മുന്നണിക്ക് പുറത്ത് അടവു ബന്ധമുണ്ടാക്കിയിട്ടുള്ള പഞ്ചായത്തുകൾ വിരളമാണ്.
ഇടതുമുന്നണിയാകട്ടെ, വിജയ സാധ്യതക്ക് മുൻതൂക്കം നൽകിയതു കൊണ്ട് രാഷ്ട്രീയ നയങ്ങളെ മാറ്റിവെച്ചിരിക്കുകയാണ്. പൊതുസമ്മതരായ സ്വതന്ത്രർക്ക് പിന്തുണ നൽകുക, പാർട്ടി ചിഹ്‌നത്തിന് അമിത പ്രാധാന്യം നൽകാതിരിക്കുക, അടവുനയം പ്രോൽസാഹിപ്പിക്കുക തുടങ്ങിയ നയങ്ങളാണ് ജില്ലയിൽ ഏറെ കാലമായി തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ തവണ പഞ്ചായത്തുകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത് ഈ നയങ്ങൾ കൊണ്ടാണെന്നാണ് മുന്നണി നേതൃത്വം വിശ്വസിക്കുന്നത്. കോൺഗ്രസിനെ കൂടി ഒപ്പം നിർത്തി അടവു മുന്നണിയുണ്ടാക്കിയത് ഇതിൽ പ്രധാനമായിരുന്നു. ഇത്തവണ അടവു നയത്തിന്റെ സാധ്യതകൾ അടഞ്ഞെങ്കിലും മികച്ച സ്വതന്ത്രൻമാരെ കണ്ടെത്തി മൽസരിപ്പിക്കാൻ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തുകളിലും മുനിസിപ്പിലാറ്റികളിലും ഈ തന്ത്രം വിജയിക്കുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.
ബി.ജെ.പി വ്യത്യസ്തമായൊരു തന്ത്രവുമായാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ന്യൂനപക്ഷ പ്രീണനമാണ് പ്രധാന തന്ത്രം. പാർട്ടിക്ക് വോട്ടുള്ള സീറ്റുകളിൽ മികച്ച പാർട്ടി സ്ഥാനാർഥികളെ തന്നെ നിർത്തിയിരിക്കുന്നു. മറ്റിടങ്ങളിൽ മുസ്‌ലിം സമുദായത്തിൽ നിന്നുൾപ്പടെ അകന്നു നിൽക്കുന്നവരെ കൂടെ നിർത്തിയിട്ടുണ്ട്. മുസ്‌ലിം വനിതകൾ ബി.ജെ.പി സ്ഥാനാർഥികളായി രംഗത്തു വന്നതാണ് പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുള്ള പ്രധാന നേട്ടം. ഈ സീറ്റുകളിലൊന്നും വിജയ പ്രതീക്ഷയില്ലെങ്കിലും മുസ്‌ലിം വിരുദ്ധരെന്ന പേരുദോഷത്തെ മറകടക്കാനാകുമോ എന്നാണ് നേതൃത്വം ഉറ്റുനോക്കുന്നത്.
വെൽഫെയർ പാർട്ടിയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച. യു.ഡി.എഫ് അവരുമായി ധാരണയുണ്ടാക്കിയതോടെ അത് ഇടതുമുന്നണിയിൽ മാത്രമല്ല, യു.ഡി.എഫിലെ ഘടക കക്ഷികളിലും വലിയ ചർച്ചയാണ്. യു.ഡി.എഫ്-വെൽഫെയർ ബന്ധം തെരഞ്ഞെടുപ്പു സഖ്യമാണോ, പരസ്യ ധാരണയാണോ, അടവുനയമാണോ എന്നൊന്നും ഇപ്പോഴും നിർവചിക്കപ്പെട്ടിട്ടില്ല. പലയിടങ്ങളിലും പരസ്പര സഹകരണം നൽകുന്നുണ്ട്. ബന്ധത്തെ അംഗീകരിക്കാത്ത യു.ഡി.എഫ് പ്രവർത്തകരുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം ജനകീയ മുന്നണികളുണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പാർട്ടിയാണ് വെൽഫെയർ. ജനകീയ മുന്നണികളുടെ വരവ് യു.ഡി.എഫിന് നഷ്ടങ്ങളുണ്ടാക്കിയിരുന്നു.
ഇത്തവണ വെൽഫെയർ പാർട്ടിയെ കൂടെ നിർത്തിയതോടെ ജനകീയ മുന്നണിയെന്ന ഭീഷണി യു.ഡി.എഫിന് ഒഴിഞ്ഞു കിട്ടി. പുതിയ ബന്ധം യു.ഡി.എഫിന് ഗുണം ചെയ്യുമോ വെൽഫെയർ പാർട്ടിക്ക് നേട്ടമാകുമോ എന്നൊക്കെ അറിയാൻ തെരഞ്ഞെടുപ്പു ഫലം പുറത്തു വരണം. (തുടരും)