റിയാദിൽ നിയമ  ലംഘകർ പിടിയിൽ; നാടുകടത്താന്‍ കൈമാറി

റിയാദിലെ വ്യാപാര സ്ഥാപനങ്ങളിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നു.

റിയാദ് - കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ പരിശോധനാ സംഘങ്ങൾ നടത്തിയ റെയ്ഡുകൾക്കിടെ ഇഖാമ, തൊഴിൽ നിയമ ലംഘകരായ 21 പേർ പിടിയിലായി. ഇക്കൂട്ടത്തിൽ ഭൂരിഭാഗവും സ്‌പോൺസർ മാറി ജോലി ചെയ്ത ഗാർഹിക തൊഴിലാളികളാണ്. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് ഇവരെ ജവാസാത്തിനു കീഴിലെ വിദേശി വകുപ്പിന് കൈമാറി. 


മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ റിയാദിൽ നടത്തിയ പരിശോധനകൾക്കിടെ 19 നിയമ ലംഘനങ്ങളും കണ്ടെത്തി. സൗദി ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്താതിരിക്കൽ, ഗാർഹിക തൊഴിലാളികളെ ജോലിക്കു വെക്കൽ, ചരക്കു ഗതാഗത മേഖലയിൽ സ്‌പോൺസർക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്യൽ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. പഴയ ബിൻ ഖാസിം ഹറാജ്, അൽഥുമൈരി സൂഖ്, ദക്ഷിണ റിയാദിലെ മറ്റൊരു വാണിജ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തിയത്. 


ഏതാനും ദിവസങ്ങൾക്കിടെ 40 ലേറെ ഫീൽഡ് പരിശോധനകളാണ് വിവിധ വകുപ്പുകൾ സഹകരിച്ച് നടത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച്  മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ് വഴിയോ കസ്റ്റമർ സർവീസ് നമ്പറായ 19911 ൽ ബന്ധപ്പെട്ടോ വിവരം അറിയിച്ച് എല്ലാവരും സഹകരിക്കണമെന്ന് റിയാദ്  മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ ആവശ്യപ്പെട്ടു.

 

Latest News