ഭോപാല്‍- മധ്യപ്രദേശ് തലസ്ഥാനത്ത് ബിരുദ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാലു പേര്‍ അറസ്റ്റില്‍. കോച്ചിംഗ് ക്ലാസ് കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 19 കാരിയെ തട്ടിക്കൊണ്ടുപോയത്. തിരിച്ചറിയുമെന്ന ഭീതിയില്‍ അക്രമികള്‍ യുവതിയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ചു വിദ്യാര്‍ഥിനി പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം തയാറായിരുന്നില്ല.
ഭോപാലിലെ ഹബീബ്ഗഞ്ച് മേഖലയിലെ ആര്‍പിഎഫ് ചൗകിയില്‍നിന്നാണു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയത്. ഗോലു ബിഹാറി, രാജേഷ്, അമര്‍ ഛോട്ടു, രമേശ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ സ്ഥിരം കുറ്റവാളിയാണെന്നും ഒരു കൊലപാതകക്കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ സഹായികളാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസിനുശേഷം മടങ്ങുകയായിരുന്നു വിദ്യാര്‍ഥി. റെയില്‍വേ ക്രോസിങ്ങില്‍ എത്തിയപ്പോഴാണു തട്ടിക്കൊണ്ടുപോയത്.
തിരിച്ചറിയുമെന്ന ഭയത്തില്‍ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മരിച്ചെന്നു കരുതിയാണ് അവര്‍ സ്ഥലം വിട്ടതെന്നും വിദ്യാര്‍ഥിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സാധാരണ ബസിലാണ് വീട്ടിലേക്ക് മടങ്ങാറുള്ളതെങ്കിലും സംഭവ ദിവസം ട്രെയിനില്‍ പോകാന്‍ തീരുമാനിച്ചതാണെന്നും വിദ്യാര്‍ഥിനി പറഞ്ഞു.






