ട്വിറ്റര്‍ ജീവനക്കാരന്‍ ട്രംപിന് കൊടുത്ത പണി

 
ന്യൂയോര്‍ക്ക്- ട്വിറ്ററില്‍നിന്ന് ജോലി രാജിവച്ച ഒരു ജീവനക്കാരന്‍ കമ്പനിയിലെ തന്റെ അവസാന ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്ലൊരു പണി കൊടുത്തു. ചില്ലറ പണിയായിരുന്നില്ല, ട്രംപിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മനപ്പൂര്‍വ്വം ഡീആക്ടിവേറ്റ് ചെയ്താണ് ജീവനക്കാരന്‍ ട്രംപിനോടുള്ള പക തീര്‍ത്തത്.
കഴിഞ്ഞ ദിവസമാണ് ഇങ്ങനെ ഒരു സംഭവം നടന്നതായി ട്വിറ്റര്‍ വെളിപ്പെടുത്തിയത്. ജീവനക്കാരന്റെ പേരു വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടില്ല.  @realdonaldtrump എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് പൂട്ടിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ 11 മിനിറ്റുകള്‍ക്ക് ശേഷം അക്കൗണ്ട് പുനസ്ഥാപിച്ചു. ഈ സമയത്തിനിടയില്‍ ഈ ട്വിറ്റര്‍ പേജ് തുറക്കാന്‍ ശ്രമിച്ചവര്‍ക്ക് ഈ പേജ് നിലവിലില്ല എന്ന സന്ദേശമാണ് ലഭിച്ചത്.
ട്രംപിന്റെ അക്കൗണ്ടിനു എന്തു സംഭവിച്ചുവെന്ന ചര്‍ച്ച ട്വിറ്ററില്‍ പരന്നതോടെയാണ് ഇതു കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ജീവനക്കാരനു സംഭവിച്ച ഒരു പിഴയാണ് അബദ്ധത്തില്‍ പേജ് അപ്രത്യക്ഷമാകാന്‍ കാരണമെന്നായിരുന്നു ട്വിറ്റര്‍ നേരത്തെ വിശദീകരിച്ചിരുന്നത്. സംഭവം അന്വേഷിക്കുന്നുണ്ടെന്നും പേജ് പുനസ്ഥാപിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കമ്പനി വിശദീകരിച്ചു.
ഇതിനു തൊട്ടുപിറകെയാണ് @Twittergov എന്ന കമ്പനിയുടെ ഔദ്യോഗിക പേജിലൂടെ പുതിയൊരു പ്രസ്താവന കൂടി വന്നത്. ട്രംപിന്റെ പേജ് അപ്രത്യക്ഷമാകലിനു പിന്നില്‍ ഒരു ജീവനക്കാരന്റെ അട്ടിമറിയാണെന്ന വെളിപ്പെടുത്തലായിരുന്നു പോസ്റ്റ്. ട്വിറ്ററിലെ ഒരു കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരന്‍ തന്റെ അവസാന പ്രവര്‍ത്തി ദിവസം ഒപ്പിച്ച വേലയാണിതെന്നും കമ്പനി ആഭ്യന്തരമായി ഇതു അന്വേഷിക്കുന്നുണ്ടെന്നും ഈ പോസ്റ്റില്‍ ട്വിറ്റര്‍ വ്യക്തമാക്കി.

Latest News