ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് വേണ്ടെന്ന് കേരളം

തിരുവനന്തപുരം- കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനമായ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആര്‍എസ്എസ് നേതാവ് എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഈ സ്ഥാപനത്തിനു കീഴിലുള്ള പുതിയ കേന്ദ്രത്തിന് ശ്രീ ഗുരുജി മാധവ് സദാശിവ് ഗോള്‍വാര്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നു പേരു നല്‍കുമെന്ന് രണ്ടു ദിവസം മുമ്പാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞത്. ഇതിനെതിരെ വലിയ പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ശാസ്ത്രവുമായി ഒരു ബന്ധമില്ലാത്ത, വര്‍ഗീയവാദം ഉന്നയിച്ച നേതാവിന്റെ പേര് നല്‍കുന്നത് അനുചിതമാണെന്നും ഈ നീക്കം ചെറുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രാഷ്ട്രീയ ഭിന്നതകള്‍ക്കു മുകളിലുള്ള ഒരു സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ഈ സ്ഥാപനം ഗവേഷണ, വികസന രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നത്. ഇതു പരിഗണിച്ച്, നിര്‍ദിഷ്ട പേരിനു പകരം പുതിയ കേന്ദ്രത്തിന് രാജ്യാന്തര പ്രശസ്തിയുള്ള ഇന്ത്യക്കാരനായ ഒരു ശാസ്ത്രജ്ഞന്റെ പേര് നല്‍കണം-കത്തില്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ തീരുമാനം പുനപ്പരിശോധിക്കണം. തീരുമാനമായിട്ടില്ലെങ്കില്‍ കേരളത്തിന്റെ നിര്‍ദേശം പരിഗണിക്കണം. ഇത് ആ സ്ഥാപനത്തിന്റെ സല്‍പ്പേര് സംരക്ഷിക്കാനും പൊതുജന മധ്യേ നടക്കുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനും സഹായിക്കുമെന്നും പിണറയി വിജയന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും പേരിടുന്നതിനു മുമ്പ് മോഡി സര്‍ക്കാര്‍ ഗോള്‍വാള്‍ക്കര്‍ രാജ്യത്തിനു വേണ്ടി നല്‍കിയ സംഭാവനങ്ങള്‍ കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാത്തിനേയും വര്‍ഗീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ നീക്കമാണീ ശ്രമമെന്നും മറ്റു പലയിടങ്ങളിലും പേരുമാറ്റിയതു പോലെയാണ് കേരളത്തിലെ ഒരു ശാസ്ത്ര സ്ഥാപനത്തിന് സംഘപരിവാര്‍ നേതാവിന്റെ പേരിടുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. 

Latest News