ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. ആറാമത് ചര്‍ച്ച ബുധനാഴ്ച നടക്കും. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചതായാണ് റിപോര്‍ട്ട്. കര്‍ഷകരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച സര്‍ക്കാര്‍ പുതിയൊരു പരിഹാര നിര്‍ദേശം ബുധനാഴ്ച മുന്നോട്ടുവെക്കുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. സമീപഭാവയിലൊന്നും കാണാത്ത വന്‍കര്‍ഷക പ്രക്ഷോഭത്തിനു മുമ്പില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമത്തിലെ ചില വകുപ്പുകളില്‍ ഭേദഗതി വരുത്താന്‍ തയാറായിട്ടുണ്ട്. അതേസമയം ഭേദഗതി പോര, നിയമങ്ങള്‍ അപ്പാടെ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. ദല്‍ഹി അതിര്‍ത്തികളില്‍ ക്യാംപ് ചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയെ സ്തംഭിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച നടന്ന ചര്‍ച്ച നാലു മണിക്കൂറിലേറെ നീണ്ടു. ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഇല്ലാത്തതില്‍ കര്‍ഷക നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. പ്രതിഷേധ സൂചകമായി നേതാക്കള്‍ യോഗത്തില്‍ 'യെസ് / നോ' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് അതെ അല്ലെങ്കില്‍ ഇല്ല എന്ന മറുപടി മാത്രമെ തങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളു എന്നു സൂചിപ്പിച്ചായിരുന്നു ഈ നിശബ്ദ പ്രതിഷേധം. നിരര്‍ത്ഥകമായ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇവരെ അനുനയിപ്പിച്ചു. ശനിയാഴ്ച നടന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ വിളമ്പിയ ഉച്ചഭക്ഷണം കര്‍ഷകര്‍ നിരസിച്ചു.