Sorry, you need to enable JavaScript to visit this website.

ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളികളിൽ  തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ

കൊച്ചി- സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ ദേവാലയങ്ങളിൽ തിരികെ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി യാക്കോബായ സഭാ നേതൃത്വം. ഡിസംബർ 13 ന് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളികളിൽ വിശ്വാസികൾ പ്രാർഥനയ്ക്കായി കയറുമെന്നും സെമിത്തേരികളിൽ പ്രവേശിപ്പിച്ച് പൂർവികർക്കായി പ്രത്യേക പ്രാർഥനകൾ സംഘടിപ്പിക്കുമെന്നും യാക്കോബായ സഭാ നേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പ്രാർഥനയ്ക്കായി എത്തുന്ന വിശ്വാസികളെ തടയില്ലെന്നും പള്ളികളിൽ നിലനിൽക്കുന്ന സമാധാനം തകർക്കുവാൻ അനുവദിക്കുകയില്ലെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം പറഞ്ഞു. സഭയുടെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന പള്ളികൾ പൂട്ടിക്കുവാനും അതിക്രമിച്ച് കയറുവാനുള്ള നീക്കങ്ങളെ നിയമപരമായി നേരിടുവാനും തീരുമാനിച്ചതായി ഓർത്തഡോക്സ് വിഭാഗം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

സുപ്രീം കോടതി വിധിയുടെ മറവിൽ 52 ദേവാലയങ്ങളാണ് ഇതിനോടകം യാക്കോബയ സഭയ്ക്ക് നൽകിയിട്ടുള്ളത്. ഈ പള്ളികൾ തിരികെ ലഭിക്കുന്നതിനുള്ള സമരപരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കുമെന്ന് യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി. പള്ളികൾക്ക് മുന്നിൽ ഇന്ന് മുതൽ സമരപരിപാടികൾ ആരംഭിക്കും. വൈദികരും വിശ്വാസികളും റിലേ സത്യാഗ്രഹം അനുഷ്ടിക്കും. മീനങ്ങാടി മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഡിസംബർ 15 ന് തുടക്കമാകും. വിശ്വാസികൾ ഒപ്പിട്ട ഭീമ ഹരജി മുഖ്യമന്ത്രിക്കും ഗവർണർക്കും സമർപ്പിക്കും.

അനുകൂലമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ജനുവരി ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സഭാ വിശ്വാസികളും വൈദികരും അനശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ തോമസ് മോർ അലക്സന്ത്രയോസ് അറിയിച്ചു. പോൾ വട്ടവേലിൽ, സികെ ഷാജി ചൂണ്ടയിൽ, അഡ്വ. പീറ്റർ ഏലിയാസ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണനാകുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ പങ്കെടുത്തതെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യോഹനോൻ മാർ ദിയോസ്‌ക്കോറസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്ന് വട്ടം നടത്തിയ ചർച്ചയും പരാജയമായിരുന്നു. സുപ്രീം കോടതി വിധി കാറ്റിൽ പറത്തിയുള്ള ഒത്തുതീർപ്പുകൾക്കാണ് യാക്കോബായ സഭാ നേതൃത്വം ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.

Latest News