Sorry, you need to enable JavaScript to visit this website.

കര്‍ഷക ബന്ദിന് ഇടതുപിന്തുണ

ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് പാര്‍ട്ടികള്‍. പത്ത് ട്രേഡ് യൂണിയനുകളും ഭാരത് ബന്ദിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനാണ് കര്‍ഷക സംഘടനകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കേരളത്തെ ബന്ദില്‍നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.
സി.പി.എം, സി.പി.ഐ, സി.പി.ഐ-എംഎല്‍, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നത്. ഇക്കാര്യം വ്യക്തമാക്കി ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കര്‍ഷക ദ്രോഹകരമായ നിയമവും, ഇലക്ട്രിസിറ്റി ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ രാജ്യത്തെ മറ്റു പാര്‍ട്ടികളോട് ഇടതുപാര്‍ട്ടികള്‍ അഭ്യര്‍ഥിച്ചു. അന്നദാതാക്കളായ കര്‍ഷകര്‍ക്കെതിരെ ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ഹീന പ്രചാരണങ്ങളെ ഇടതുപാര്‍ട്ടികള്‍ അപലപിച്ചു.

 

Latest News