Sorry, you need to enable JavaScript to visit this website.
Tuesday , January   19, 2021
Tuesday , January   19, 2021

തെരഞ്ഞെടുപ്പിൽ ജാതിയും ചർച്ചയാകണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കടന്നു വന്നത് സ്വാഗതാർഹമാണ്. ഒരു വശത്ത് ജാതിക്കതീതരാണെന്ന മിത്ത് സൃഷ്ടിക്കുകയും മറുവശത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാതി ഇടപെടുകയും ചെയ്യുന്ന കപട സമൂഹമാണ് കേരളം.  വ്യക്തിജീവിതത്തിൽ മാത്രമല്ല, സാമൂഹ്യ ജീവിതത്തിലും ശക്തമായി ഇടപെടുന്ന ജാതിയെ മറച്ചുവെക്കുന്നതിൽ ഏറെ വൈദഗ്ധ്യം നേടിയവരാണ് നമ്മൾ. അതിനാലാണ് ലോകത്തു തന്നെ ഏറ്റവും ജനാധിപത്യ വിരുദ്ധ സംവിധാനമായിട്ടും ജനാധിപത്യ പ്രക്രിയകളിൽ പോലും ജാതിയെ മൂടിവെക്കാൻ നാം ശ്രമിക്കുന്നത്. എന്നാൽ ഇക്കുറി അതിനെ മറികടന്ന് സോഷ്യൽ മീഡിയയിലെങ്കിലും ജാതി സജീവ ചർച്ചാവിഷയമായി.
തിരുവനന്തപുരത്ത് വഞ്ചിയൂരിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥിയുടെ പേർ രണ്ടു തരത്തിലടിച്ച പോസ്റ്റർ പുറത്തു വന്നതാണ് ഈ ചർച്ചക്ക് പ്രധാന കാരണമായത്. സംഭവത്തെ സാങ്കേതികമായി ന്യായീകരിക്കാനാണ് സ്ഥാനാർത്ഥിയുടേയും പ്രവർത്തകരുടേയും ശ്രമം. തെരഞ്ഞെടുപ്പു കമ്മീഷനാണത്രേ ഇതിനു കാരണം. കമ്യൂണിസ്റ്റ് കുടുംബാംഗമായ ഇവർ പേരിനു പിറകിൽ നായർ വാൽ ചേർക്കാനാവശ്യപ്പെട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷനതു ചെയ്യുമെന്ന് കരുതാമോ? എങ്കിൽ കമ്മീഷനെതിരെ മുകളിൽ പരാതി കൊടുക്കണം. നായർ എന്ന വാലിനു കേരളീയ സമൂഹം നൽകുന്ന പ്രിവിലേജ് തന്നെയാണ് പ്രശ്‌നം. ആ പ്രിവിലേജ് തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു സംവിധാനത്തിന്റെ സൃഷ്ടിയാണല്ലോ. ഇവർ ഒരു അവർണ ജാതിയിലാണ് ജനിച്ചിരുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ? തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പു ഫലം നിർണയിക്കുന്നത് നായർ വോട്ടുകളുടെ സ്വാധീനവും കൂടി പരിഗണിച്ചായിരിക്കാം ഈ പേരു തിരുത്തൽ. എല്ലാ മുന്നണികളും തിരുവനന്തപുരത്ത് നിർത്തിയ സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷം നായർ വിഭാഗക്കാരാണെന്ന് പല പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നല്ലോ.


ഇതുമായി ബന്ധപ്പെട്ടു തന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട്, എം.എൻ.  ഗോവിന്ദൻ നായർ, സി. അച്യുതമേനോൻ, പി. ഗോവിന്ദപിള്ള തുടങ്ങി സമുന്നതരായ കമ്യൂണിസ്റ്റ് നേതാക്കൾ പോലും ജാതിവാൽ ഉപേക്ഷിക്കാതിരുന്ന വിഷയവും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി. മന്നത്ത് പത്മനാഭനും കേളപ്പനുമെല്ലാം ജാതിവാൽ ഉപയോഗിക്കാത്ത കാലത്തായിരുന്നു കമ്യൂണിസ്റ്റ് നേതാക്കൾ അതുപേക്ഷിക്കാതിരുന്നത്. ഇന്നും പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ ജാതിവാലുള്ളവരുണ്ട്. എന്തുകൊണ്ട് പാർട്ടി നേതൃത്വത്തിൽ ദളിതരില്ല എന്ന ചോദ്യമുന്നയിച്ചായിരുന്നു രോഹിത് വെമുല എസ്.എഫ്.ഐ വിട്ടതും അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷനിൽ പ്രവർത്തനമാരംഭിച്ചതും. പഴയ കാലമല്ലേ എന്ന രീതിയിൽ ഈ വിഷയത്തെ ലഘൂകരിക്കുന്നതും കണ്ടു. എങ്ങനെയാണത് പഴയ വിഷയമാകുന്നത്? അയ്യങ്കാളിയും നാരായണ ഗുരുവും സഹോദരൻ അയ്യപ്പനുമടങ്ങുന്ന നവോത്ഥാന നായകരുടെ പോരാട്ട ജീവിതത്തിനു ശേഷമായിരുന്നു ഈ ജാതിവാൽ അഭിമാന പ്രതീകങ്ങളായി ഇവരെല്ലാം ഉപയോഗിച്ചതെന്നു മറക്കരുത്. അതാകട്ടെ ഈ നവോത്ഥാന നായകർ കഴച്ചുമറിച്ച മണ്ണിൽ വിത്തെറിഞ്ഞ് ഫലം കൊയ്തവർ. ഡോ. ബി.ആർ. അംബേദ്കർ ജീവിച്ചിരുന്ന കാലമായിരുന്നു അതെന്നതും ഓർക്കണം. അന്നു തന്നെ അംബേദ്കർ കമ്യൂണിസ്റ്റുകാരെ ബ്രാഹ്മിൺ ബോയ്‌സ് എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അംബേദ്കറെ തോൽപിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റുകാരുടെ വർത്തമാന കണ്ണിയിൽ പെട്ട ഒരാൾ അംബേദ്കറുടെ വർത്തമാന കണ്ണിയിൽ പെട്ട ചന്ദ്രശേഖർ ആസാദിന്റെ മീശയെ അധിക്ഷേപിച്ചതും നമ്മൾ കണ്ടു. തലപ്പാവു ധരിച്ച അയ്യങ്കാളിയേയും കോട്ടിട്ട അംബേദ്കറേയും അധിക്ഷപിച്ചവരുടെ പിൻഗാമികൾ ഇന്നുമുണ്ടെന്നർത്ഥം. അംബേദ്കർക്കും അയ്യങ്കാളിക്കും ആസാദിനും ഇതൊന്നും പാടില്ല എന്ന ചിന്താഗതിയുടെ പേരാണ് ജാതി. കേരളം മലയാളികളുടെ മാതൃഭൂമിയെന്ന പ്രശസ്ത ഗ്രന്ഥത്തിൽ അയ്യങ്കാളിക്ക് സ്ഥാനമില്ലാതിരിക്കാൻ കാരണം തേടിയും വേറെ എവിടേയും പോകേണ്ടതില്ല.
യൂറോപ്യൻ സാഹചര്യത്തിൽ രൂപം കൊണ്ട കമ്യൂണിസ്റ്റ് ആശയങ്ങളിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥക്ക് വലിയ പ്രാധാന്യം ലഭിക്കാതിരുന്നത് സ്വാഭാവികമാണെന്ന് കുമ്പസാരിക്കുന്നവരുണ്ട്. ആ വാദവും എന്നേ കാലഹരണപ്പെട്ടു കഴിഞ്ഞു. അത് ആത്മാർത്ഥമായിട്ടാണെങ്കിൽ എന്നേ തെറ്റു തിരുത്താമായിരുന്നു. അതിനുള്ള ഒരു ശ്രമവുമില്ല എന്നതിന് തെളിവാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. തീർച്ചയായും കമ്യൂണിസ്റ്റുകാർക്കു മാത്രമല്ല, എല്ലാ പ്രസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. 


കേരളം ഇടതുപക്ഷ പ്രബുദ്ധമാണെന്നും അതു സൃഷ്ടിച്ചതു തങ്ങളാണെന്നും കമ്യൂണിസ്റ്റുകാർ അവകാശപ്പെടുന്നതിനാലാണ് അവർക്കെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരുന്നതെന്നു മാത്രം. സത്യത്തിൽ നവോത്ഥാന കാലമെന്ന പേരിൽ വിശേഷിക്കപ്പെടുന്ന കാലത്തുണ്ടായ മിക്കവാറും മുന്നേറ്റങ്ങളെല്ലാം കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനു മുമ്പായിരുന്നു എന്നറിയാൻ സാമാന്യ ചരിത്രബോധം മാത്രം മതി. നേരത്തെ പറഞ്ഞ പോലെ ആ മണ്ണിൽ വിത്തെറിയുകയായിരുന്നു കമ്യൂണിസ്റ്റുകാർ ചെയ്തത്. പക്ഷേ ജാതിയെന്ന കളയെ വലിച്ചെറിയാൻ അവരും തയാറായില്ല. അതും വളർന്നുകൊണ്ടേയിരുന്നു. ആർക്കും മനസ്സിലാകുന്ന ഏറ്റവും ലളിതമായ കാര്യമാണല്ലോ, മറ്റു പല ഘടകങ്ങളുമുണ്ടെങ്കിലും ജാതിയെ നിലനിർത്തുന്ന പ്രധാന ഘടകം സ്വജാതീയ വിവാഹമാണെന്ന്. അക്കാര്യത്തിൽ നാമിന്ന് എവിടെയെത്തി നിൽക്കുന്നു എന്ന ചോദ്യമാണ് പ്രസക്തം. കുറെ പ്രണയ വിവാഹങ്ങളല്ലാതെ വ്യത്യസ്ത ജാതിയിൽ പെട്ടവരുടെ എത്ര വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്? തുലോം തുഛം. ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന വ്യക്തിയുടെ മക്കൾ പോലും അതിനു തയാറായില്ല. അക്കാര്യത്തിൽ നമ്മുടെ യാത്രയാകട്ടെ പിറകോട്ടാണുതാനും. എത്രയോ മിശ്രവിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച തനിക്ക് സ്വന്തം മകൾക്ക് ഒരു ഇതര ജാതിക്കാരനെ കണ്ടെത്താൻ കഴിയുന്നില്ല എന്ന് അടുത്തൊരു സാമൂഹ്യ പ്രവർത്തകൻ പറഞ്ഞിരുന്നു. എസ്.സി, എസ്.ടി വിഭാഗങ്ങളൊഴികെയുള്ളവരിൽ നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന പുരോഗമന വാദികളുടേയും നാടാണല്ലോ കേരളം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധ സംവിധാനത്തെ നിലനിർത്തിയാണ് നാം രാഷ്ട്രീയ പ്രബുദ്ധതയെ കുറിച്ചൊക്കെ വാചാലരാകുന്നതെന്നു സാരം. 


ലോകത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധ സംവിധാനമാണ് ജാതിയെന്ന വാദത്തെ അംഗീകരിക്കാത്ത, പുരോഗമനവാദികൾ എന്നവകാശപ്പെടുന്ന നിരവധി പേർ നമുക്കു ചുറ്റുമുണ്ട്. തനിക്കൊരു ജാതിബോധവുമില്ലെന്നും അതൊരു വ്യക്തിപരമായ വിഷയമാണെന്നും അവർ വാദിക്കുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് കഴിവും സാമ്പത്തികവുമാണ് പ്രധാനമെന്നു വാദിക്കുന്ന സാമ്പത്തിക സംവരണ വാദം. എനിക്കു ജാതിയില്ല എന്നു ഞാൻ പറഞ്ഞാൽ ഇല്ലാതാകുന്ന ഒന്നല്ല ജാതി. അതൊരു വ്യക്തിപരമായ പ്രശ്‌നവുമല്ല, സാമൂഹ്യ പ്രശ്‌നമാണുതാനും. തനിക്കു വേണ്ട എന്നു പറഞ്ഞാലും ജാതിയുടെ പ്രിവിലേജ് സവർണർക്കും പീഡനങ്ങൾ അവർണർക്കും ലഭിക്കുമെന്നുറപ്പ്. 


മതം പോലെയോ ഭാഷ പോലെയോ ദേശീയത പോലെയോ സംസ്‌കാരം പോലേയോ വർണ്ണം പോലേയോ ലിംഗം പോലേയോ വർഗ്ഗം പോലെയോ ഉള്ള ഒരു സംവിധാനമല്ല ജാതി. ഇവയെല്ലാം നിലനിന്നുകൊണ്ടു തന്നെ,  ഒരുപക്ഷേ തുല്യതയോടുള്ള സഹവർത്തിത്വം നമുക്ക് ആഗ്രഹിക്കാം, വിഭാവനം ചെയ്യാം. എന്നാൽ ജാതിയിൽ അത് അസാധ്യമാണ്. കാരണം തുല്യതയില്ലായ്മയുടെ, വിവേചനത്തിന്റെ പേരാണ് ജാതി. മനുഷ്യരെ തട്ടുകളായി വിഭജിക്കുകയും ഏറ്റവും താഴെയുള്ള തട്ടിലുള്ളവർ പോലും അത് ദൈവ ഹിതമാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന സംവിധാനം. ഹിറ്റ്‌ലറേക്കാൾ എത്രയോ ഭീകരനാണ് മനു എന്ന് സഹോദരൻ അയ്യപ്പൻ വിശേഷിപ്പിക്കാൻ കാരണവും മറ്റൊന്നല്ല. ഭരണഘടനയേക്കാൾ നമ്മൾ പ്രാധാന്യം നൽകുന്നത് മനുസ്മൃതിക്കാണെന്ന് ശബരിമല വിവാദ കാലത്ത് തെളിഞ്ഞതാണല്ലോ. സ്ത്രീ പുരുഷ സമത്വം പോലെയോ ഹിന്ദു മുസ്ലിം സൗഹാർദം പോലെയോ കറുത്തവരും വെളുത്തവരും തുല്യതയുള്ളവരാകുന്നതു പോലെയോ ഒന്ന് ജാതിയിൽ സാധ്യമല്ല. കാരണം തുല്യതയുണ്ടെങ്കിൽ ജാതിയില്ല എന്നതു തന്നെ. വിവേചനമാണ് ജാതി എന്നതു തന്നെ. അതിനാലാണ് അത് ലോകത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധ സംവിധാനമാകുന്നത്. അതിനാൽ തന്നെ ഈ ജനാധിപത്യ പ്രക്രിയയിൽ അത് ചർച്ചയാകുക തന്നെ വേണം.


അവസാനമായി, വ്യക്തിജീവിതത്തിൽ ഒതുങ്ങുന്ന ഒന്നല്ല ജാതി എന്നു ബോധ്യപ്പെടാൻ മറ്റെവിടെയും പോകേണ്ടതില്ല. കേരളത്തിൽ തന്നെ പരിശോധിച്ചാൽ മതി. എതാനും സമകാലിക സംഭവങ്ങൾ മാത്രം സൂചിപ്പിക്കാം. വിനായകൻ, കെവിൻ, ചിത്രലേഖ, അശാന്തൻ, വടയമ്പാടി, ജിഷ,  മധു, ഗോവിന്ദാപുരം, പേരാമ്പ്ര, കുറ്റുമുക്ക് ശിവക്ഷേത്രത്തിലെ ശൗചാലയം, പെട്ടിമുടി, എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ, മുത്തങ്ങ, ചെങ്ങറ ഇവയുടെയെല്ലാം അന്തർധാര ജാതിയല്ലാതെ മറ്റെന്താണ്?  കേരളത്തിലെ ഭൂരഹിതരിൽ മഹാഭൂരിപക്ഷവും ആരാണ്? ക്രയവിക്രയത്തിനോ വായ്പയെടുക്കാനോ ഭൂമിയില്ലാത്തതിനാൽ ഒരു സംരംഭത്തിനു തുടക്കം കുറിക്കാൻ കഴിയാത്തവരിൽ ഭൂരിഭാഗവും ആരാണ്? കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന പ്രവാസത്തിൽ കാര്യമായ പങ്കാളിത്തമില്ലാത്തത് ആർക്കാണ്? ആരാധനാലയങ്ങളിൽ ഇപ്പോഴും പല രീതിയിലുള്ള അയിത്തം നേരിടുന്നത് ആരാണ്? ഇത്തരത്തിൽ എത്രയോ ചോദ്യങ്ങൾ ചോദിക്കാം. അവയുടെയെല്ലാം ഉത്തരം ജാതിയെന്നു തന്നെ. ഇനിയെങ്കിലും ആ യാഥാർത്ഥ്യം അംഗീകരിക്കാനും ജാതിവിരുദ്ധ പ്രവർത്തനങ്ങൾ അജണ്ടയിലെ ആദ്യ ഇനമാക്കാനുമാണ് നമ്മൾ ശ്രമിക്കേണ്ടത്. എങ്കിൽ പ്രബുദ്ധരെന്ന അവകാശവാദത്തിന് എന്തെങ്കിലും അർത്ഥമുണ്ടാകും?