കടപ്പുറം- ചാവക്കാട് സി.പി.എമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ചാവക്കാട് തൊട്ടാപ്പിലാണ് ഇന്നലെ
രാവിലെ ചേരി തിരിഞ്ഞ് കൂട്ടത്തല്ല് അരങ്ങേറിയത്. പതിനഞ്ചാം വാർഡിൽ സുനാമി കോളനി റോഡിലാണ് സംഭവം. സി.പി.എമ്മിന്റെ സജീവ പ്രവർത്തകരായ ഫൈസൽ ആർ.വി (33), റിൻഷാദ് പി.കെ (27), റിയാസ് പി.കെ (33) എന്നിവർക്കാണ് പരിക്കേറ്റത്. ഫൈസലിന്റെ പരിക്കു ഗുരുതരമാണ്. സി.പി.എമ്മിലെ ഒരു സംഘം കഞ്ചാവ് ലോബിയാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റ സി.പി.എം പ്രവർത്തകർ പറഞ്ഞു. കഞ്ചാവ് ലോബികളെ കുറിച്ച് പാർട്ടി യോഗത്തിൽ നേതാക്കളോട് പറഞ്ഞിരുന്നു. ഇവർക്കെതിരെ നടപടികളും സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഞ്ചാവ് ലോബികളായ പാർട്ടി പ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് നേതൃത്വം സീകരിച്ചത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നേതൃത്വം കഞ്ചാവ് ലോബികളെ സഹായിക്കുന്ന നിലപാടായിരുന്നു. ഇത് മറ്റു സി.പി.എം പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിനു ഇടവരുത്തി. കുറച്ചു ദിവസം മുമ്പ് പോലീസ് സി.പി.എമ്മിലെ കഞ്ചാവ് ലോബികളിൽ ഒരാളുടെ വീട്ടിൽ റെയ്ഡ് നടത്തിയതായും പറയുന്നു. പോലീസ് എത്തിയതോടെ യുവാവ് രക്ഷപ്പെട്ടു. സമീപത്ത് നിന്നും ഒരു ബൈക്ക് പോലീസ് കൊണ്ടുപോയിരുന്നു. കഞ്ചാവ് ലോബികൾ പാർട്ടി യോഗത്തിൽ തങ്ങൾക്കെതിരെ പറഞ്ഞതിനാൽ ഇവർക്കെതിരെ കുറച്ചു ദിവസങ്ങളായി തൊട്ടാപ്പിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
സംഘം ചേർന്നുവന്ന അഞ്ചോളം പേർ ഇന്നലെ റോഡിൽ നിന്ന് വെല്ലുവിളികളും ഭീഷണിയും മുഴക്കി. ഇതിനിടയിലാണ് ഇതുവഴി വന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സംഘടിതരായി നിന്നിരുന്ന സി.പി.എം സംഘം ആക്രമിച്ചത്. ക്രിമിനൽ സംഘത്തിനു വളം വെച്ചു കൊടുക്കുന്നത് കടപ്പുറത്തെ സി.പി.എം നേതൃത്വമാണെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു.






