കോട്ടയം- തദ്ദേശ തെരഞ്ഞെടുപ്പിലെ ശക്തി തെളിയിക്കുന്ന ജില്ലാ പഞ്ചായത്ത് പിടിക്കാനുള്ള പോരാട്ടത്തിൽ ഇരു മുന്നണികളിലും ആശങ്ക. ഭരണം നിലനിർത്താനുളള പ്രയത്‌നത്തിലാണ് യു.ഡി.എഫ്. അതിനായി എല്ലാ സംസ്ഥാന നേതാക്കളെയും പ്രചാരണ രംഗത്ത് എത്തിച്ചാണ് പോരാട്ടം. അതേസമയം, സി.പി.എമ്മിന് പരസ്യ പ്രചാരണത്തിന് സംസ്ഥാന നേതൃനിരയില്ല. കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണിയെങ്കിലും ജില്ലാ പഞ്ചായത്തിലെ മൂന്നു സിറ്റിംഗ് സീറ്റുകളിൽ തിരിച്ചടി നേരിടുമോ എന്ന ആശങ്കയിലാണ് മുന്നണി.
സി.പി.എം സിറ്റിംഗ് സീറ്റുകളായ കുമരകം, വെള്ളൂർ, തലയാഴം ഡിവിഷനുകളിലാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക. പാർട്ടി ശക്തി കേന്ദ്രമായ കുമരകത്തുണ്ടായിരിക്കുന്ന വിഭാഗീയതയാണ് സി.പി.എമ്മിനു വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചായത്തിലും തിരിച്ചടി നേരിട്ടേക്കുമെന്നും ആശങ്കയുണ്ട്. ഇതു ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയെയും പ്രതികൂലമായി ബാധിച്ചേക്കും. ഇവിടുത്തെ എസ്എൻഡിപി നേതൃത്വത്തിന്റെ നിലപാടുകളിലും ഇടതു മുന്നണിക്ക് ആശങ്കയുണ്ട്. കുമരകം ഈഴവ സമുദായ ശക്തി കേന്ദ്രമാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിക്കാണ് കൂടുതൽ സാമുദായിക പിന്തുണയെന്നും പറയപ്പെടുന്നു. വൈക്കം വെള്ളൂരിൽ മുൻ ജില്ലാ ഭരണസമിതിയുടെ കാലത്ത് വികസന പ്രവർത്തനത്തിന് അനുവദിച്ച 10 കോടി രൂപ പാഴാക്കിയെന്നാണ് ആരോപണം. വെള്ളൂർ സഹകരണ ബാങ്ക് അഴിമതിയും തെരഞ്ഞെടുപ്പ് വിഷയമായി യു.ഡി.എഫ് ഉയർത്തുന്നുണ്ട്.
തലയാഴത്ത് സി.പി.എം സ്ഥാനാർഥി സ്വീകാര്യനായിട്ടില്ലെന്നും പരാതിയുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ബിനാമി ഭരണമാണ് ഈ സ്ഥാനാർഥി വിജയിച്ചാൽ നടക്കുകയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ഡിവൈഎഫ്‌ഐ വനിതാ സംസ്ഥാന കമ്മിറ്റി അംഗത്തെയും സ്ഥാനാർഥിയായി പ്രതീക്ഷിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വാഹന പര്യടനം 30ന് ആരംഭിച്ചിട്ടും തലയാഴത്തും വെള്ളൂരും പര്യടനം തുടങ്ങിയതു കഴിഞ്ഞ മൂന്നിനാണ്. തലയാഴം ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ നടന്നിട്ടില്ലെന്നും ആരോപണമുണ്ട്. തിരിച്ചടി കണക്കിലെടുത്ത് സി.പി.എം ജില്ലാ സെക്രട്ടറി നേരിട്ട് ഇവിടങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ്. മൂന്ന് സീറ്റുകളിലും ബൂത്ത് തലയോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ് ആകട്ടെ നിശബ്ദ പ്രചാരണത്തിലാണ്. സി.പി.എമ്മിലെ പ്രശ്‌നങ്ങൾ വോട്ടാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ് ക്യാമ്പ്.