ഇടുക്കി- കാഞ്ചിയാർ പള്ളിക്കവലയിൽ അമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ 12 വർഷത്തിനുശേഷം പിടിയിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൽക്കൂന്തൽ ഈട്ടിത്തോപ്പ് പതാലിപ്ലാവിൽ ഗിരീഷ്(38)നെയാണ്  ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തിച്ച്  തെളിവെടുപ്പ് നടത്തിയത്.
2008 ഒക്ടോബറിലാണ് കാഞ്ചിയാർ കൈപ്പറ്റയിൽ കുഞ്ഞുമോൾ  കൊല്ലപ്പെട്ടത്.  ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പി പി.കെ. മധുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ചശേഷം കഴിഞ്ഞ ദിവസം പ്രതിയെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിൽ
സ്ത്രീയുടെ മുഖത്തും കഴുത്തിലും തലയിലുമേറ്റ പരിക്കാണ് മരണകാരണമായത്. 2002ൽ  അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ  12 വർഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്.  2016ൽ സ്‌കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസുണ്ട്. കേസ് വിചാരണയിലാണ്.







 
  
 