ഉസ്താദ് ഹസൻ ഭായിക്ക് ചെന്നിത്തലയുടെ അപ്രതീക്ഷിത സഹായ വാഗ്ദാനം

കാസർകോട്- ഉസ്താദ് ഹസൻ ഭായിക്ക് ഇത് ജീവിതത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വ നിമിഷം. ഉസ്താദ്  ബിസ്മില്ലാഖാന്റെ ജീവിച്ചിരിക്കുന്ന ഏക  ശിഷ്യനും, ബാംസുരി വാദകനുമായ ഹസൻ ഭായി  ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവിനോടൊപ്പം പ്രഭാത ഭക്ഷണത്തിനെത്തിയതായിരുന്നു.  പ്രഭാത  ഭക്ഷണത്തിനും ചർച്ചക്കും  ശേഷം  ഹസൻ ഭായിയുടെ അനുപമമായ  ബാംസുരി വാദനത്തിന് ശേഷമാണ്  ജീവിത പ്രാരബ്ധങ്ങൾ കൂടെയുണ്ടായിരുന്നവർ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ പെടുത്തിയത്. അദ്ദേഹത്തിന് സ്വന്തമായി വീടുപോലുമില്ലെന്ന് അറിഞ്ഞപ്പോൾ തന്നെ  താൻ കെ പി സി സി പ്രസിഡന്റായിരിക്കുമ്പോൾ  പാവങ്ങളെയും, പട്ടികജാതി പട്ടിക വർഗക്കാരെയും സഹായിക്കാൻ രൂപീകരിച്ച ഗാന്ധിഗ്രാം  ഫണ്ടിൽനിന്ന് 5 ലക്ഷം  രൂപ അദ്ദേഹം വാഗ്ദാനം ചെയ്തു. വരുന്ന ജനുവരി മാസം കാസർകോട് വെച്ചു തന്നെ  തുക  കൈമാറുമെന്നും  പ്രതിപക്ഷ നേതാവ്  അറിയിച്ചു.  വികാരധീനനായാണ്  ആ കലാകാരൻ പ്രതിപക്ഷ നേതാവിന്റെ സഹായ  വാഗ്ദാനം സ്വീകരിച്ചത്. തുടർന്ന് വീണ്ടും  ബാംസുരി  ആലപിച്ച് കൊണ്ടാണ് ഉസ്താദ് ഹസ്സൻ ഭായി  തന്റെ നന്ദി പ്രകടിപ്പിച്ചത്. 
 

Latest News