സൗദിയില്‍ രണ്ടാഴ്ചക്കിടെ ഏഴായിരം സ്ഥാപനങ്ങളിൽ പരിശോധന

മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ സൗദിവൽക്കരണ കമ്മിറ്റി പരിശോധനകൾ നടത്തുന്നു. 

റിയാദ് - വാണിജ്യ മന്ത്രാലയത്തിനു കീഴിലെ ഫീൽഡ് സംഘങ്ങൾ രണ്ടാഴ്ചക്കിടെ 7,007 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. 
കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ച് നവംബർ 22 മുതൽ ഡിസംബർ മൂന്നു വരെയുള്ള ദിവസങ്ങളിലാണ് മന്ത്രാലയ സംഘങ്ങൾ ഇത്രയും സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്. വിവിധ പ്രവിശ്യകളിലെ സൂഖുകളും വാണിജ്യ കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും അടക്കമുള്ള സ്ഥാപനങ്ങളിലായിരുന്നു പരിശോധനകൾ. 
ഇതിനിടെ 210 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘകർക്ക് ഉടനടി പിഴകൾ ചുമത്തി. കിഴക്കൻ പ്രവിശ്യ, റിയാദ്, അൽഖസീം, ഉത്തര അതിർത്തി പ്രവിശ്യ, തബൂക്ക്, നജ്‌റാൻ, ജിസാൻ, ഹായിൽ, മക്ക, അൽജൗഫ്, അസീർ, മദീന, അൽബാഹ എന്നീ പ്രവിശ്യകളിലാണ് യഥാക്രമം ഏറ്റവും കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്. 


മാസ്‌കുകൾ ധരിക്കാത്തവർക്ക് പ്രവേശനം വിലക്കൽ, സാമൂഹിക അകലം പാലിക്കൽ, അണുനശീകരണികൾ ലഭ്യമാക്കൽ, ഷോപ്പിംഗ് മാളുകളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും പ്രവേശന കവാടങ്ങളിൽ വെച്ച് ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ശരീര ഊഷ്മാവ് പരിശോധിക്കൽ, ഓരോ തവണത്തെയും ഉപയോഗത്തിനു ശേഷവും ഷോപ്പിംഗ് ട്രോളികളും ബാസ്‌കറ്റുകളും അണുവിമുക്തമാക്കൽ, ഉപരിതലങ്ങളും അനുബന്ധ സൗകര്യങ്ങളും അണുവിമുക്തമാക്കൽ എന്നീ ആരോഗ്യ വ്യവസ്ഥകൾ വ്യാപാര സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നത് തുടരുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. 
മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇരട്ടി തുക പിഴ ചുമത്തി അടപ്പിക്കും. മുൻകരുതൽ, പ്രതിരോധ നടപടികൾ പ്രകാരം അനുശാസിക്കുന്നതിൽ കൂടുതൽ ജീവനക്കാരും ഉപയോക്താക്കളും വ്യാപാര സ്ഥാപനങ്ങൾക്കകത്തോ പുറത്തോ ഒത്തുചേരുന്നപക്ഷം നിശ്ചിത പരിധിയിൽ കൂടുതലുള്ള ഓരോരുത്തർക്കും 5,000 റിയാൽ തോതിൽ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുമെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. 

Latest News