കാസർകോട്- കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫ് പടയൊരുക്കത്തിന് രണ്ടാം ദിവസമായ ഇന്നലെ രാവിലെ കാസർകോട് അതിഥി മന്ദിരത്തിൽ സാംസ്‌കാരിക നായകൻമാരുമൊത്തുള്ള പ്രഭാത ഭക്ഷണവും ആശയസംവാദവും നടത്തിയ രമേശ് ചെന്നിത്തലയുടെ നടപടിക്ക് പ്രശംസ. അതിരാവിലെ നടന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയം മാറ്റിവെച്ചായിരുന്നു ചർച്ചയുണ്ടായത്. കാസർകോട് ജില്ലയുടെ വികസനമില്ലായ്മയും പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതും എൻഡോസൾഫാൻ ദുരിതബാധിതരുടെ സഹായധനത്തിന്റെ വിഷയവുമെല്ലാം കടന്നുവന്നു.
സർക്കാർ കാര്യക്ഷമമായി ഇടപടേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഊന്നിപ്പറഞ്ഞു. പ്രശസ്ത ചിത്രകാരനും തുളു അക്കാദമി ചെയർമാനുമായ വി എസ് പുണിഞ്ചിത്തായ, കന്നടകവി രാധാകൃഷ്ണ ഉളിയത്തടുക്ക, എൻഡോസൾഫാൻ വിരുദ്ധ സമരനായിക ലീലാകുമാരിയമ്മ, യക്ഷഗാന കലാകാരൻ പ്രോഫ. എ ശ്രീനാഥ്, കവി പി എസ് ഹമീദ്, യക്ഷഗാന കലാകാരനും പത്രപ്രവർത്തനുമായ പ്രദീപ് ബേക്കൽ, പാവക്കൂത്ത് കലാകാരൻ കെ വി രമേശ്, ഉസ്താദ് ബിസ്മില്ലാഖാന്റെ ജീവിച്ചിരിക്കുന്ന ഏക ശിഷ്യൻ ഉസ്താദ് ഹസൻ ഭായി കവിയും ഗ്രന്ഥകാരനുമായ രവീന്ദ്രൻ പാടി എന്നിവരാണ് പ്രതിപക്ഷ നേതാവിനൊപ്പം കൂടിക്കാഴ്ചക്ക് എത്തിയത്.
തുളുഭാഷക്ക് കൂടുതൽ പ്രോൽസാഹനം നൽകുന്ന നടപടികൾ ഉണ്ടാകണമെന്ന് പ്രശസ്ത ചിത്രകാരൻ പുണിഞ്ചിത്തായ പ്രഭാത ഭക്ഷണ ചർച്ചക്കിടെ സൂചിപ്പിച്ചു.
എൻഡോസൾഫാൻ ഇരകൾക്ക് സർക്കാരിൽ നിന്ന് കൂടുതൽ സഹായം ലഭിക്കേണ്ട ആവശ്യകത ലീലാകുമാരിയമ്മ ചൂണ്ടിക്കാട്ടിയപ്പോൾ, സപ്തഭാഷകൾക്കും പ്രോൽസാഹനം നൽകേണ്ട സമീപനം ഉണ്ടാകേണ്ട ആവശ്യകതയും ചർച്ചക്കിടയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. കാസർകോട് ജില്ലയിൽ കലാകാരൻമാർക്കും, സാംസ്‌കാരിക പ്രവർത്തകർക്കും ഒത്തുകൂടാൻ പര്യാപ്തമായ ഒരു ഇടം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും ചർച്ചക്കിടയിൽ ഉയർന്നുവന്നു. കന്നട സംസാരിക്കുന്ന പ്രദേശങ്ങളിൽ സർക്കാർ അറിയിപ്പുകൾ മലയാള ഭാഷയിലാണ് എന്നുള്ളത് കന്നട സംസാരിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യവും സാംസ്‌കാരിക പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ പെടുത്തി. അതിന് ശേഷം പുലിക്കുന്നിലെത്തിയ അദ്ദേഹം യക്ഷഗാന കലാകേന്ദ്രവും, ഇന്ത്യയിലെ ഏക യക്ഷഗാന പാവക്കൂത്ത് മ്യുസിയവും സന്ദർശിച്ചു. ഇവിടുത്ത കലാകാരൻമാർ അവതരിപ്പിച്ച പരിപാടികളും അദ്ദേഹം ആസ്വദിച്ചു.
അതിന് ശേഷം എൻഡോസൾഫാൻ സമരത്തിന്റെ പ്രധാന വേദികളിലൊന്നായിരുന്ന ഒപ്പുമരത്തിന്റെ ചോട്ടിലും പ്രതിപക്ഷ നേതാവ് എത്തി. മുൻ ഡെപ്യുട്ടി സ്പീക്കർ പാലോട് രവി, സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, മുൻമന്ത്രിമാരായ വി കെ ഇബ്രാഹിം കുഞ്ഞ്, കെ പി മോഹനൻ, ജാഥാ ജനറൽ കൺവീനർ വി ഡി സതീശൻ, കെ പി സി സി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, ഷാനിമോൾ ഉസ്മാൻ, കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠൻ, ജാഥാ കോ ഓഡിനേറ്റർ ഐ കെ രാജു, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നേൽ, നെയ്യാറ്റിൻകര സനൽ, ജവഹർ ബാലജനവേദി ചെയർമാൻ ജി വി ഹരി തുടങ്ങിയവർ പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.