Sorry, you need to enable JavaScript to visit this website.
Tuesday , January   19, 2021
Tuesday , January   19, 2021

സാമൂഹിക നേട്ടങ്ങളെ അട്ടിമറിക്കുന്ന സവർണ സംവരണം

സംവരണേതര വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണമേർപ്പെടുത്താനുള്ള തീരുമാനം വ്യാപകമായ സംവാദങ്ങൾക്കും പിന്നോക്ക വിഭാഗങ്ങളുടെ  ആശങ്കക്കും കാരണമായിരിക്കുന്നു. സവർണ സംവരണം എന്ന ആക്ഷേപവും കൂടി ഈ തീരുമാനം നേരിടുന്നു.  പിന്നോക്ക സംവരണം തന്നെ ലക്ഷ്യം കാണുന്നതിൽ പൂർണ വിജയമാകുന്നില്ലെന്നിരിക്കേ, മുന്നോക്ക സംവരണം കൂടി വന്നാൽ, ജാതീയമായ അടിച്ചമർത്തലുകൾക്ക് വിധേയരാവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാകും. 

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണമേർപ്പെടുത്താനുള്ള തീരുമാനം വലിയ സംവാദങ്ങൾക്ക് കാരണമായിരിക്കുന്നു. കേന്ദ്ര നയങ്ങൾക്കനുസൃതമായ ഈ തീരുമാനം കേരള സർക്കാർ കൈക്കൊണ്ടതോടെ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾ സമര പാതയിലാണ്. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളും ലക്ഷ്യങ്ങളും കാറ്റിൽ പറത്തുന്നതാണ് ഈ തീരുമാനമെന്ന് വ്യാപകമായ വിമർശമുണ്ട്. സാമ്പത്തിക സംവരണത്തെ, സവർണ സംവരണം എന്ന് പിന്നോക്കക്കാർ വിശേഷിപ്പിക്കുന്നത് അതിനു പിന്നിലെ സവർണ സ്വാധീനം മനസ്സിലാക്കിയിട്ടാണ്. സവർണ സംവരണത്തിന്റെ ഉപജ്ഞാതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടും പ്രയോക്താവ് പിണറായി വിജയനുമാണ് എന്ന് ആരോപിക്കപ്പെടുമ്പോൾ, ഇടതുപക്ഷത്തിന് പ്രതിരോധത്തിന്റെ കുപ്പായം എടുത്തണിയൽ നിർബന്ധമാകുകയും ചെയ്യുന്നു.


മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരുടെ അനുപാതം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എന്നത് വ്യക്തമാണ്. പല പഠനങ്ങളിലും ഇത് വ്യക്തമായിട്ടുമുണ്ട്. പൊതുവെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ ജോലിയിലും വിദ്യാഭ്യാസത്തിലും എല്ലാം മൃഗീയമായ മേധാവിത്വം നേടുന്നു. പൊതുവിഭാഗത്തിലെ പ്രാതിനിധ്യത്തെ മിക്കവാറും കൈയാളുന്നത് സവർണ വിഭാഗങ്ങളാണെന്ന കാര്യത്തിൽ സംവരണത്തെ ഗൗരവമായി കാണുന്ന ആർക്കും തർക്കമുണ്ടാവില്ല.


പഠനങ്ങളും അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത് ജനറൽ സീറ്റുകളിൽ ഭൂരിഭാഗവും കൈയടക്കുന്നത് മുന്നോക്കക്കാരിലെ മുന്നോക്കക്കാരാണ് എന്നാണ്. താരതമ്യേന കുറവാണെങ്കിലും മറ്റു വിഭാഗങ്ങളിലെ (പട്ടികജാതി, പട്ടികവർഗ) സാമ്പത്തിക പിന്നോക്കാവസ്ഥ മൂലമുള്ള പ്രാതിനിധ്യ പ്രശ്‌നം ഗൗരവമായി തന്നെ പരിശോധിച്ച് ആവശ്യമായ പദ്ധതികൾ രൂപീകരിക്കേണ്ടത് അനിവാര്യമായ സന്ദർഭത്തിലാണ് സവർണ സംവരണം മറ്റൊരു വെല്ലുവിളിയായി ഉയർന്നുവരുന്നത്.


ദളിത് ഗവേഷക വിദ്യാർഥികളായ രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് എന്നിവർ ഇതുസംബന്ധമായി പ്രസിദ്ധീകരിച്ച വിശദമായ ലേഖനം സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യങ്ങളെ വിശകലനം ചെയ്യുന്നതും പിന്നോക്ക വിഭാഗങ്ങളുടെ സംവരണം സംരക്ഷിക്കാനുള്ള നീക്കങ്ങളുടെ ആവശ്യകത വിളിച്ചോതുന്നതുമാണ്. കടുത്ത ചൂഷണവും അസമത്വവും നിലനിൽക്കുന്ന സമൂഹമാണ് നമ്മുടേത്. ഈ അസമത്വത്തിന്റെ നിരവധി ലക്ഷണങ്ങളിൽ ഒന്നാണ് തൊഴിൽ, വിദ്യാഭ്യാസം, നിയമ നിർമാണം, ഭരണ നിർവഹണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രാതിനിധ്യ അസന്തുലിതാവസ്ഥ. ചരിത്രപരമായ വിവിധ കാരണങ്ങൾ കൊണ്ട് ഉടലെടുത്ത ഈ പ്രാതിനിധ്യ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു സമാശ്വാസ പരിപാടിയാണ് സംവരണം. ഒരു കൂട്ടം ആളുകളെ ജോലിക്കോ വിദ്യാഭ്യാസത്തിനോ ഒക്കെ തെരഞ്ഞെടുക്കുമ്പോൾ, അതിൽ നിർബന്ധമായും ഒരു നിശ്ചിത ശതമാനം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഉണ്ടാകണമെന്നാണ്. അതായത് എന്തൊക്കെയായാലും നൂറിൽ പതിനഞ്ചു പട്ടികജാതിക്കാരും എട്ടു പട്ടികവർഗക്കാരും ഇരുപത്തിയേഴ് മറ്റു പിന്നോക്ക വിഭാഗക്കാരും എല്ലാം ഉണ്ടാവണം എന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. ഒരു മിനിമം പ്രാതിനിധ്യമാണ് സംവരണം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. 


നിരവധിയായ വിവേചനങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതിനാൽ നിലവിൽ ഭാഷാ ന്യൂനപക്ഷങ്ങൾ, മതന്യൂനപക്ഷങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർ, ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിലുള്ളവർ, വിവിധ ഗോത്രവിഭാഗങ്ങൾ, വിവിധ ജാതികൾ, ഭിന്നശേഷിക്കാർ തുടങ്ങി വിവിധതരം സംവരണങ്ങൾ നിലവിലുണ്ട്. അത് ലക്ഷദ്വീപിലെ മുക്കുവരും വടക്കുകിഴക്കേ ഇന്ത്യയിലെ തോട്ടം തൊഴിലാളികളായ ഗോത്രവിഭാഗക്കാരും കാർഗിലിലെ മുസ്‌ലിംകളും കൊച്ചിയിലെ ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളും അടക്കമുള്ളവരുടെ പ്രാതിനിധ്യ പ്രശ്‌നവും വേദനയും അഭിമുഖീകരിക്കാനുള്ള ചെറിയ ശ്രമങ്ങൾ കൂടിയാണ്. 


പൊതുസമൂഹവും ഭരണകൂടവും അത്ര മേൽ വലതുപക്ഷത്തേക്ക് നീങ്ങിയിട്ടും ചെറിയ തോതിലെങ്കിലും പാർശ്വവൽകൃത വിഭാഗങ്ങൾ പ്രാതിനിധ്യം നേടിയെടുത്തതിൽ നിലവിലെ സംവരണ പരിപാടികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ പരിശോധിക്കുമ്പോൾ ചില പ്രബല ജാതികളും വിഭാഗങ്ങളും ആണ് ഓരോ കാറ്റഗറിയിലും സംവരണാനുകൂല്യങ്ങൾ താരതമ്യേന കൂടുതലായി നേടിയെടുക്കുന്നതെന്നു കാണാം. ഉന്നത വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പട്ടികജാതി സംവരണത്തിൽ മഹർ ജാതി വിഭാഗത്തിൽ പെടുന്നവരുടെ വലിയ തോതിലുള്ള പ്രാതിനിധ്യവും ഇതര ജാതിവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആനുപാതികമായി ഈ സംവരണ സീറ്റുകളിൽ എത്തിപ്പെടാൻ ആവാത്തതും ഇതിനൊരു ഉദാഹരണമാണ്. സിവിൽ സർവീസിൽ പട്ടികവർഗ വിഭാഗത്തിൽ മീണ വിഭാഗങ്ങളുടെ വലിയ തോതിലുള്ള പ്രാതിനിധ്യവും മേൽപറഞ്ഞ സാഹചര്യത്തിനൊരുദാഹരണമാണ്. കേരളത്തിലും സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് കുറിച്യ-കുറുമ വിഭാഗങ്ങൾ പട്ടികവർഗ സംവരണ വിഭാഗത്തിലെ സീറ്റുകൾ  കൂടുതലായി നേടുകയും എന്നാൽ ജനസംഖ്യാപരമായി താരതമ്യേന വലിയ ഗോത്ര വിഭാഗമായ പണിയർക്ക് അത് നേടാൻ കഴിയാത്തതുമായ ഒരവസ്ഥയുണ്ട്.


സംവരണാവകാശങ്ങൾ നേടിത്തുടങ്ങിയ ജാതികളും കുടുംബങ്ങളും തുടർച്ചയായി അത് നേടാനും സംവരണ വിഭാഗത്തിലെ ഇതര ജാതിവിഭാഗങ്ങൾ പിന്നിലാവാനും തന്നെയാണ് സാധ്യതയുള്ളത്. ജാതിക്കു പുറത്ത് മറ്റു പ്രിവിലേജുകൾ അനുഭവിക്കാൻ അവസരം ഉണ്ടായ വിഭാഗങ്ങൾക്കാണ് ഈ രീതിയിൽ സംവരണാവകാശങ്ങൾ കൂടുതലായി ഉപകാരപ്പെട്ടു തുടങ്ങിയതെന്നു കാണാം. ബ്രിട്ടീഷ് ഭരണ കാലത്തു തന്നെ തൊഴിലിനും വിദ്യാഭ്യാസത്തിനും മറ്റു പട്ടികജാതി വിഭാഗങ്ങളേക്കാൾ അവസരം ലഭിച്ചിരുന്ന മഹറുകൾ, ഭൂവുടമകളായിത്തീർന്ന കുറിച്യരുമൊക്കെ അങ്ങനെയാണ് സംവരണ സീറ്റുകളിൽ തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നത്. അതായത് ജാതി അല്ലെങ്കിൽ ഗോത്രങ്ങൾക്ക് കാറ്റഗറി അടിസ്ഥാനത്തിൽ നൽകുന്ന നിലവിലെ സംവരണ വ്യവസ്ഥകൾ, ആ കാറ്റഗറിയിലുള്ള എല്ലാവരുടെയും പ്രാഥമികമായ പ്രാതിനിധ്യ പ്രശ്‌നത്തെ പരിഹരിക്കാൻ പര്യാപ്തമല്ല എന്നു വേണം മനസ്സിലാക്കാൻ.


സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടിനു ശേഷവും പല മേഖലകളിലും വലിയ തോതിൽ സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കുറഞ്ഞത് സംവരണ സീറ്റുകളിലേക്ക് എങ്കിലും പാർശ്വവൽക്കൃത വിഭാഗങ്ങൾ എത്തിപ്പെടണമെങ്കിൽ ഘടനാപരമായ മറ്റു പല മാറ്റങ്ങളും സമൂഹത്തിൽ ആവശ്യമാണ്. അതായത് സംവരണം എന്ന ഒരൊറ്റ പദ്ധതി കൊണ്ട് പരിഹരിക്കാൻ ആവുന്നതല്ല പ്രാതിനിധ്യ പ്രശ്‌നം.  ലേബർ ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചാൽ 2016-17 കാലയളവിൽ ഇന്ത്യയിലെ പൊതുമേഖലാ തൊഴിൽ ശേഷി 1.76 കോടിയാണ്. ഇതിൽ 44 ലക്ഷം താത്കാലികജീവനക്കാരും ആണ്. ഇവിടെ സംവരണം പൂർണ തോതിൽ വിജയകരമായി നടപ്പാക്കാനായാൽ പോലും ഏതാനും ലക്ഷം പേർക്ക് മാത്രമാണ് തൊഴിലുണ്ടാവുന്നത്. സ്വകാര്യ മേഖലയിൽ സംവരണം വരാത്ത കാലത്തോളം നിലവിലെ സംവരണം രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രാതിനിധ്യ പ്രശ്‌നത്തെ നേരിടാൻ ശേഷിയുള്ള വിജയകരമായ സമാശ്വാസ പദ്ധതിയായി വളരുന്നില്ല. 


സാമൂഹ്യ വിഭാഗങ്ങൾക്കകത്തു തന്നെ സാമ്പത്തികമായി പല തട്ടുകൾ രൂപംകൊള്ളുകയും ഇവയിലെ മേൽത്തട്ട് അവസരങ്ങൾ കൈയടക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഒ.ബി.സി സംവരണത്തിൽ നിശ്ചിത വരുമാനത്തിനും മുകളിലുള്ളവരെ പ്രാഥമിക സംവരണത്തിൽനിന്ന് മാറ്റിനിർത്തുന്ന ക്രീമിലയർ സംവിധാനം നിലവിലുള്ളത്. ഇ.എം.എസ് അധ്യക്ഷനായ ഒന്നാം ഭരണ പരിഷ്‌കാര കമ്മീഷൻ 1958 ൽ ആദ്യമായി ഒബിസി സംവരണം എന്ന ആശയം അവതരിപ്പിച്ചപ്പോഴും 1971 ൽ നെട്ടൂർ ദാമോദരൻ കമ്മീഷൻ നടത്തിയ പഠനവും 1976 ൽ കർപൂരി ഠാക്കൂർ മുഖ്യമന്ത്രിയായിരിക്കേ ബിഹാറിൽ നടപ്പാക്കാൻ ശ്രമിച്ച ഒ.ബി.സി സംവരണ പ്രവർത്തനങ്ങളിലും പിന്നീട് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും ഇന്ത്യൻ പാർലമെന്റും ശേഷം സുപ്രീം കോടതിയും ഒരുപോലെ അംഗീകരിച്ച വസ്തുതയാണിത്.


പിന്നോക്ക സംവരണം തന്നെ, ഓരോ ജാതിയിലേയും സാമ്പത്തികമായ മെച്ചപ്പെട്ടവർക്ക് കൂടുതൽ ഗുണം ചെയ്യുന്നതായി വ്യക്തമാകുമ്പോൾ, അതിലേക്ക് മുന്നോക്കക്കാരെ കൂടി കൊണ്ടുവരുന്നത് എത്രത്തോളം ഹിതകരമാണെന്ന് ആലോചിക്കണം. മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ വായിച്ചാൽ, 
ഈ സംവരണവും സാമ്പത്തിക ശേഷിയുള്ളവർ തന്നെ കൊണ്ടുപോകുമെന്നുറപ്പാണ്. നല്ല സാമ്പത്തിക ശേഷിയുള്ള നിരവധി മുന്നോക്കക്കാർ ഈ തീരുമാനം വന്ന ശേഷം പല കോഴ്‌സുകളിലും പ്രവേശനം നേടിയിട്ടുണ്ട്. അതിനാൽ കേരള സർക്കാരിന്റെ തീരുമാനം സംവരണ തത്വങ്ങളെ അട്ടിമറിക്കുന്നുണ്ടോ എന്ന് തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. അങ്ങനെയുണ്ടെങ്കിൽ അത് കേരളം നേടിയെടുത്ത സാമൂഹിക നേട്ടങ്ങളെക്കൂടിയാവും അട്ടിമറിക്കുക.