Sorry, you need to enable JavaScript to visit this website.
Tuesday , January   19, 2021
Tuesday , January   19, 2021

കഥ അറിയുന്നവരും അറിയാത്തവരും

ചാനലുകളിൽ നിന്ന് ഇറങ്ങിപ്പോക്കും പിറ്റേ ദിവസം മടങ്ങിവന്ന് കുത്തിയിരിപ്പുമൊക്കെ ഇന്ന് സർവ സാധാരണം. കോവിഡ് കാലത്ത് അത്രയൊക്കെ നേരമ്പോക്കിനേ വകയുള്ളൂ. എങ്കിലും ജയശങ്കർ വക്കീൽ വന്നാൽ താൻ പങ്കടുക്കില്ല എന്നൊക്കെ പറയുന്നത് റഹീമിനും ഷംസീറിനുമൊന്നും ചേരാത്തതായി. സി.പി.എമ്മിനു ഫാസിസത്തിന്റെ രോഗലക്ഷണം കണ്ടു തുടങ്ങിയിട്ടു വർഷം നാലായി. അതു ന്യൂജെൻ സഖാക്കളിലേക്കും പടർന്നു പിടിക്കുന്നതാണ് ആശങ്കാജനകം.  പെരിയ കൊലക്കേസിന്റെ കോടതി വിധിക്ക് പ്രതിരോധ ശേഷി തെളിയിക്കപ്പെട്ടിട്ടില്ല. സി.പി.ഐ, കോൺഗ്രസ്, ജനത (പലയിനം), ലീഗ് തുടങ്ങിയവയിൽ അമർഷം, അസഹിഷ്ണുത, പനി, ശ്വാസതടസ്സം, ഛർദി എന്നീ രോഗലക്ഷണങ്ങൾ പ്രകടമല്ല. ചൈനീസ് കാപ്‌സ്യൂളുകൾ ഈ രോഗത്തിനു ഫലപ്രദമല്ലെന്നതും ആശങ്ക വർധിപ്പിക്കുന്നു.
****                     ****                     ****

'കഥയറിയാതെ ആട്ടം കാണുന്നു' എന്നൊരു ചൊല്ലുണ്ട്. ആനത്തലവട്ടം ആനന്ദൻ സഖാവ് ചാനലുകളിൽ തോമസ് ഐസക് ഡോക്ടറുടെ 'ഐഛിക' വകുപ്പുകൾക്കായി വാ തുറക്കുന്നത് അങ്ങനെയാണ്. കിഫ്ബിയായാലും ചിട്ടിക്കമ്പനി ആയാലും ലൈഫ് മിഷനായാലും സ്വർണക്കടത്തായാലും ഒരുപോലെ. 
'ചെമ്പടതാളത്തിൽ ശങ്കരാഭരണത്തിൽ ചെമ്പൈ വായ്പാട്ടുപാടി' എന്ന മട്ടിൽ സഖാവ് വെച്ചുപിടിക്കും. ഐസക് ഏമാന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ ആരോ കട്ടോണ്ടുപോയി എന്നു തോന്നും, ചിട്ടിക്കമ്പനിക്കാര്യത്തിലുള്ള വേവലാതി കണ്ടാൽ! തോമസ് ഡോക്ടറാകട്ടെ, കമ്പനിയുടെ പണം ആവോളം മറിച്ചു നൽകി 'കിഫ്ബി'യെ വളർത്തി. 
അന്നം കിട്ടാതെ 1996 മുതൽ വലഞ്ഞ കിഫ്ബി പാവാടയും ഹാഫ് സാരിയും മാറ്റി. ഫുൾ പട്ടുസാരിയിൽ ഇന്നു വിലസുന്നു. തരുണീമണിയുടെ ഒരു മിഷൻ പദ്ധതിയിലും ഓഡിറ്റ് വേണ്ട എന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കിഫ്ബി അഗ്നിശുദ്ധിയുള്ള കന്യകാരത്‌നമാണ്. 
പേരിൽ 'ആനത്തല'യുണ്ടെങ്കിലും, അകത്ത് കാര്യമായെന്നുമില്ലാത്ത ആനന്ദൻ സഖാവാണ് ചാനലുകളിൽ 'കിഫ്ബി - ചിട്ടിമാരുടെ അംഗരക്ഷകൻ. എ.കെ.ജി സെന്റർ ലാബിൽനിന്ന് അയച്ചു കൊടുത്ത കാപ്‌സ്യൂളുകൾ അതേ പടി വിഴുങ്ങാനാകാതെ ശ്വാസംമുട്ടി ന്യൂജെൻ പിള്ളേർ കഴിയുന്ന കാലം. 
ആനന്ദൻ സഖാവ് ഏമ്പക്കം വിട്ടുകൊണ്ട് 'മണി മണിയായി' വാദങ്ങൾ എടുത്തു വീശി നിരത്തുന്നു. പക്ഷേ, വിജിലൻസ് വകുപ്പ് എന്താണെന്നു മാത്രം മന്ത്രിക്കും ആനത്തലയ്ക്കും എത്ര കൂട്ടിയിട്ടും കിഴിച്ചിട്ടും പിടികിട്ടുന്നല്ല. 'ഇന്ന്... സ്ഥാപനത്തിൽ ഒരു അന്വേഷണം നടത്തിക്കോട്ടെ' എന്ന് മന്ത്രിയുടെ മുന്നിൽ മുഖം കാണിച്ച് അനുവാദം വാങ്ങുന്ന വിദ്യ ആ വകുപ്പുകാർക്കറിയില്ല. 'വിയർക്കാത്തവന് ആഹാരം കഴിക്കാൻ അർഹതയില്ല' എന്ന ആപ്തവാക്യം വകുപ്പുകാർക്കറിയാം. നേതൃ സഖാക്കൾ അതു വായിച്ചിട്ടില്ല. 'കറുത്ത പണം വെളുപ്പിക്കുന്ന' വിദ്യയാണ് വകുപ്പുകൾ ചിട്ടിക്കമ്പനിയിൽ കണ്ടു സംഭ്രമിച്ചത്. വെളുത്ത പണം കറുപ്പിക്കുന്ന വിദ്യ നിലവിലില്ല എന്നത് കമ്പനിയുടെ കുറ്റമല്ല. തന്റെ അറിവോടെ മാത്രമേ ധനകാര്യത്തിനു മീതെ കാറ്റു വീശാവു എന്ന കടുംപിടിത്തം എ.കെ.ജി സെന്ററിൽ കയറി ഇറങ്ങിയതോടെ കാറ്റുപോയ ബലൂണായി. 'മുഖം കാണിക്കാൻ' ഈ മന്ത്രിയെന്താ രാജപരമ്പരയിൽപെട്ട സഖാവാണോ എന്ന ചോദ്യം മാത്രമല്ല ബാക്കി.
പണ്ട് കെ.ആർ. ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചില ചെറുകിട പത്രങ്ങൾ ഉയർത്തിക്കാട്ടിയ വേള. സുശീലാ ഗോപാലൻ എന്ന വാൾ എടുത്ത് നമ്പൂതിരിപ്പാട് ഒരു വെട്ടുവെട്ടി. ഇടയ്ക്കു വന്നെത്തിയ നായനാർ സഖാവ് മുഖ്യനായി. വെട്ടുന്നതിൽ ധാർമിക പിന്തുണ നൽകാൻ വി.എസും മടിച്ചില്ല എന്ന് അക്കാലത്തു പ്രചരിച്ചിരുന്നു. ഇന്ന് എം. ശിവശങ്കറും രവീന്ദ്രനും സ്വപ്‌നാ സുരേഷുമെല്ലാം ചേർന്ന് കറുപ്പിച്ചുകൊണ്ടിരിക്കുന്നു' പിണറായി പ്രതിഛായ', നാളെ തോമസ് ഐസക് ഡോക്ടർ എന്ന ധനകാര്യ വിദഗ്ധനു വളർന്നുയരാൻ വളമേകും. കാര്യം മുൻകൂട്ടി കണ്ട് വടക്കേയറ്റത്തുനിന്നും ഒരു മുഴം മുൻകൂട്ടി കണ്ട് എറിഞ്ഞതാണ് വിജലിൻസിന്റെ റെയ്ഡും. മന്ത്രി വികാരാധീനനായി. പാർട്ടി അച്ചടക്കം മറന്നു. വെറുതെ മുന്നറിയിപ്പു വിളിച്ചു വരുത്തി. ശേഷം തെരഞ്ഞെടുപ്പു കഴിഞ്ഞു എന്ന് ഐസക് ഡോക്ടർ. തിരിച്ചടിക്കാതിരുന്നാൽ ഭാഗ്യം! സി.ബി.ഐക്കു സ്വാഗതമോതിയ മുഖ്യൻ ഇപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതെ നെട്ടോട്ടമോടുകയാണ്.
****                              ****                          ****
ചങ്ങനാശ്ശേരിയും കണിച്ചുകുളങ്ങരയുമാണ് പുതിയ രാഷ്ട്രീയ തലസ്ഥാനങ്ങൾ എന്ന് പലരും കരുതുന്നുണ്ട്. പോപ്പും ഗുരുവും മൗനവ്രതത്തിലാണെന്നതു ശ്രദ്ധേയം. മുന്നണി ഏതായാലും ജയിക്കുന്നത് സ്വജാതിയായാൽ മതി. എന്ന പ്രമാണം ഇരുവരും കക്ഷത്തിൽ മുറുക്കിവെച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു നായർ ജയിച്ചാൽ അന്നേരം 'സമുദായ ഭാരവാഹിക്കസേര' ഒഴിയണം. മക്കളോ, മരുമക്കളോ മച്ചമ്പിമാരോ, അത്താഴ സംബന്ധക്കാരോ കസേരയിൽ കയറി ഇരുന്നു കൊള്ളും. പുറത്തെ 'അന്യർക്കു പ്രവേശനമില്ല' എന്ന ബോർഡ്, മറ്റു മര്യാദക്കാരായ നായന്മാരെ ഉദ്ദേശിച്ചതു മാത്രമാണ്. നടേശ ഗുരുവിന് നിർബന്ധം വേറെയാണ്. ആരുടെ വോട്ടു നേടി ജയിച്ചാലും പിന്നീട് ഊണിലും ഉറക്കത്തിലും 'പീതാംബരധാരി' മാത്രം ആയിരിക്കണം. ഇരു കൂട്ടരുടെയും മൗനത്തിന് സൃഗാല ബുദ്ധി എന്നാണ് പേര്. ഒരുവൻ അമ്മയുടെ വളയും, പെണ്ണിന്റെ കെട്ടുതാലിയും വരെ വിറ്റ് ജയിച്ചുകയറുമ്പോൾ അതു തങ്ങൾ പിന്തുണച്ചിട്ടാണെന്ന് ഒരു വിളംബരം അങ്ങു നടത്തും. വൈക്കം ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് മേൽപടി രണ്ടു കേന്ദ്രങ്ങളിലും സസുഖം വാഴുന്നുവെന്നു പറഞ്ഞാൽ മതി. ഇരട്ട പെറ്റ സന്തതികളായിരിക്കാം!
****                       ****               ****

അസൂയക്കും കഷണ്ടിക്കും മരുന്നില്ലാത്ത കാലമുണ്ടായിരുന്നു. ഇന്ന് കഷണ്ടിക്ക് 'വിഗ്ഗും' 'മുടി വളർത്തൽ കൃഷി'യുമുണ്ട് അസൂയയ്‌ക്കോ? വി.വി. രാജേഷ് എന്ന പെൻസിൽമാർക്ക് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശതകോടീശ്വരനാണെന്നു നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു സി.പി.എം മുഖപത്രം. ഒരൂ പൂജ്യം അങ്ങോട്ടു മറിയപ്പോയി. അങ്ങോർ ജന്മനാ ലക്ഷപ്രഭുവായിരുന്നുവെന്ന് മുൻകാല പത്രികകൾ പരിശോധിച്ചാൽ ബോധ്യപ്പെടും. പഴയ മത്സരങ്ങളുടെ കണക്കെടുക്കുന്നതിന് പ്രത്യേകിച്ച് അന്വേഷണ കമ്മീഷൻ വേണ്ടിവരുമെന്നു മാത്രം! കാഴ്ചയിൽ അത്താഴക്കഞ്ഞിക്കു വകയില്ലാത്ത രാജേഷ് എങ്ങനെ കോശീശ്വരനായി? അതിന് ഒന്നുകിൽ 'ഞാൻ കോടീശ്വരൻ' എന്ന സുരേഷ് ഗോപിയുടെ പരിപാടിയിൽ പങ്കെടുക്കുക. അല്ലെങ്കിൽ ബി.ജെ.പിയിൽ ചേരുക എന്നതാണ് ശരിയായ മറുപടി.