Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പാണ്; നാവിൽ പിഴയ്ക്കരുത്

തെരഞ്ഞെടുപ്പ് കാലമാണ്. ആവേശം കേറുമ്പോൾ ചിലർക്കെങ്കിലും നാക്ക് പിഴ സംഭവിക്കാറുണ്ട്. നാക്ക് പിഴകൾ എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിന് കാരണവുമായിട്ടുണ്ട്. ''വായിൽ വരുന്നത് കോതക്ക് പാട്ട്'' എന്ന രീതിയിൽ പ്രസംഗിക്കരുത്. അധിക്ഷേപകരവും നിന്ദ്യവുമായ പരാമർശങ്ങൾ നേതാക്കളിൽനിന്ന് വരുന്നത് അന്തസ്സുറ്റ സമീപനമല്ല. പൊതുസമൂഹം ഈ സമീപനം ഒരിക്കലും അംഗീകരിക്കുകയില്ല. വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളിൽ ഉണ്ടാകണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. 
2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ അന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫ് ചേരിയിൽ എത്തിയ എൻ.കെ. പ്രേമചന്ദ്രന് എതിരെ പിണറായി വിജയൻ നടത്തിയ ''പരനാറി'' പ്രയോഗം അണികൾക്ക് ആവേശം പകർന്നെങ്കിലും സ്വന്തം സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഇടവരുത്തി. 
മുതിർന്ന നേതാവ് എം.എ. ബേബിയാണ് അവിടെ തോറ്റുപോയത്. നിർണായക സന്ദർഭത്തിൽ മുന്നണി വിട്ടയാളോടുള്ള അരിശമാണ് ആ പരാമർശമെന്ന് വിശദീകരിച്ചെങ്കിലും ജനം അത് അംഗീകരിച്ചില്ലെന്ന് ഫലം വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമതികളായ വോട്ടർമാരെ സ്വാധീനിക്കും; അവർ തിരിഞ്ഞ് വോട്ട് ചെയ്യും. പറഞ്ഞവ പറഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരാനാകില്ല. എല്ലാം പറയുമ്പോൾ തന്നെ വിഷ്വൽ മീഡിയയിൽ വരുന്ന കാലമാണ്. ഉടൻ വിവാദമാകും.  
ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് ആലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശവും വലിയ ജനരോഷമുണ്ടാക്കി. 
ഇടതു കോട്ടയിൽ രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ചു. അരൂർ മണ്ഡലത്തിലെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ  യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരൻ നടത്തിയ പരാമർശവും വിവാദമായിരുന്നു. അവിടെയും ആ വാക്കുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കാണ് ഗുണം ചെയ്തത്. പ്രത്യേകിച്ച് സ്ത്രീ സ്ഥാനാർത്ഥികളെ പരാമർശിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണം. 'അവൾ' 'എടീ' എന്നീ പ്രയോഗങ്ങൾ പോലും ഒട്ടും കുലീനമല്ല. ഈ വാക്കുകളിൽ ഒരു കയ്പ് ഉണ്ട്. നാവിന്റെ വിലയും നിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകൾ സ്വന്തം മൂല്യം കുറയ്ക്കും. 
ആരായാലും എന്തിന്റെ പേരിലായാലും ഓരോരുത്തരുടെയും നാവിൽ നിന്ന് വരുന്ന വാക്കു കൾക്ക് മൂല്യമുണ്ടാകണം. സ്ഥാനത്തിന്റെ വലിപ്പവും സമൂഹത്തിന്റെ അന്തസ്സും ജീവിതത്തിന്റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകൾ നേതാക്കളും ഭരണാധികാരികളും പുലർത്തണം. 
    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഒരു പ്രയോഗം ബി.ജെ.പിയുടെ എതിരാളികൾക്കു കിട്ടിയ വടിയായി. 
അട്ടപ്പാടിയിലെ ശിശുമരണ വിഷയം പ്രതിപാദിക്കുമ്പോൾ സോമാലിയയുമായി ചേർത്ത് കേരളത്തിന്റെ പൊതുസ്ഥിതി പറഞ്ഞതാണ് വിവാദമായത്. 
കേരളത്തെ നരേന്ദ്ര മോഡി അപകീർത്തിപ്പെടുത്തിയെന്ന വാദമാണ് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ അന്ന് ഉയർത്തിയത്. 
    തെരഞ്ഞെടുപ്പുകളിൽ വിജയ മുഹൂർത്തം കുറിക്കാൻ സഹായിക്കുന്ന അത്ഭുത സിദ്ധികളുള്ള ആയുധമാണ് പ്രസംഗം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് വാക്കുകൊണ്ടും തന്റെ താത്വിക നിലപാട് കൊണ്ടും വിജയം നേടിയ വ്യക്തിത്വമാണ്. 1991 ലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് കാലത്ത് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും യുദ്ധമുഖത്തായിരുന്നു. കോൺഗ്രസ് അമേരിക്കയുടെ നീക്കങ്ങളെ അനുകൂലിച്ചപ്പോൾ വേറിട്ട തന്ത്രവുമായി ഇ.എം.എസ് രംഗത്ത് വന്നു. സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമാണ് സദ്ദാം ഹുസൈൻ നടത്തുന്നതെന്ന് ഇ.എം.എസ് പ്രസംഗിച്ചു. അത് ഗുണം ചെയ്തു. സദ്ദാമിനെ അനുകൂലിക്കുന്നവരുടെ വോട്ട് ഒന്നിച്ച് ഇടതുപക്ഷത്തിന് ലഭിച്ചു. 14 ൽ 13 ജില്ലകളിലും ഇടതുപക്ഷം ജില്ലാ കൗൺസിൽ വിജയികളായി. 
     ''കൈവിട്ട കല്ലും വാവിട്ട വാക്കും'' തിരിച്ചെടുക്കാനാവില്ല എന്നാണ് പഴമൊഴി. ഒരാളുടെ നാവിലൂടെ പുറത്തുവരുന്നത് അയാളുടെ സംസ്‌കാരമാണ്. സംസാരം, പെരുമാറ്റം, മനോഭാവം എന്നിവയാണ് ഒരുവനെ ശ്രേഷ്ഠ വ്യക്തിത്വത്തിന് ഉടമയാക്കുന്നത്. 
നേതാക്കളും ഭരണാധികാരികളും മാന്യവും ഹിതകരവും കുലീനവുമായ ഭാഷ പ്രയോഗിക്കണം. ജനകീയ ഭാഷ അശ്ലീലമാകുന്നത് നന്നല്ല. വാക്കുകൾ കൊണ്ട് വ്യക്തിഹത്യ നടത്തരുത്. മുറിവേൽപിക്കുന്നതും ശരിയല്ല. വ്യക്തിഹത്യകൾ കുറ്റകരവും ശിക്ഷാർഹവുമാണ്. 
മാനനഷ്ടക്കേസുകൾ ഉണ്ടാകാം. മര്യാദയും ആദരവുമില്ലാത്ത ഭാഷ വിഷലിപ്തവും മനുഷ്യ വിരുദ്ധവുമാണ്. ദ്വയാർത്ഥ പ്രയോഗവും സംസ്‌കാര ശൂന്യതയാണ്. 
 ''നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം''എന്ന പ്രാർത്ഥന ചൊല്ലി പഠിച്ചുവന്ന പഴയ തലമുറയിലെ സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കൾ പോലും അന്തസ്സുറ്റ രീതിയിലാണ് എതിരാളികളെ വിമർശിച്ചിട്ടുള്ളത്. ഓർക്കുക; നാവ് തന്നെ വിജയവും നാവ് തന്നെ പരാജയവും കൊണ്ടുവരും. നാവിൽ പിഴയ്ക്കാതിരിക്കട്ടെ. 

Latest News