ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ വാക്‌സിന്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ശാസ്ത്രജ്ഞരുടെ പച്ചക്കൊടി ലഭിച്ചാല്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതി ഉടന്‍ തുടങ്ങുമെന്നും കോവിഡ് പ്രതിരോധം സംബന്ധിച്ചു ഇന്നു വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍ പറഞ്ഞു. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന പദ്ധതികള്‍ വിജയിക്കുമെന്ന് വിദഗ്ധര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ട്. കുറഞ്ഞ വിലയ്ക്ക് സുരക്ഷിത വാക്‌സിന്‍ ലഭിക്കുന്നതു കാത്തിരിക്കുകയാണ് ലോകമെന്നും മോഡി പറഞ്ഞു. മുഖ്യധാരാ പാര്‍ട്ടി പ്രതിനിധികളായി 12 നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ നടന്നു വരുന്ന വാക്‌സിന്‍ വികസനം നേരിട്ടു മനസ്സിലാക്കാന്‍ വിവിധ ലാബുകളില്‍ പ്രധാനമന്ത്രി മോഡി ഈയിടെ നേരിട്ട് പര്യടനം നടത്തിയിരുന്നു. വന്‍തോതില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും നമ്മുടെ തയാറെടുപ്പുകള്‍ മറ്റു രാജ്യങ്ങളേക്കാള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വാക്‌സിനുകളാണ് ഇന്ത്യയില്‍ ഇപ്പോള്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ളത്.