ഇടുക്കി- കേരള പിറവി മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടുക്കിയിൽ മുന്നണികളുടെ തുറപ്പുചീട്ടാണ് പട്ടയം. എത്ര നൽകിയാലും കിട്ടാത്തവരുടെ എണ്ണം പിന്നെയും പെരുകി വരുന്ന പട്ടയം. ഇത്തവണയും പട്ടയവും ഭൂവിഷയങ്ങളും തന്നെ ഇടുക്കിയിലെ ഇലക്ഷനിൽ മുന്നിട്ടുനിൽക്കുന്നു.
പി.ജെ. ജോസഫിന്റെ തട്ടകത്തിലെ ജോസ് കെ. മാണിയുടെ ഇടതുപ്രവേശം, കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നെഞ്ചിടിപ്പ് കൂട്ടിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അരങ്ങൊഴിയൽ, മൂന്നാർ തോട്ടങ്ങളിൽ നിന്നും ലോകശ്രദ്ധയിലേക്ക് ഉയർന്ന പൊമ്പിളൈ ഒരുമയുടെ അസ്തമയം, തമിഴ് മേഖലയിലെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ സ്വാധീനം, മേമ്പൊടിയായി സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങളും കോവിഡും പ്രാദേശിക വിഷയങ്ങൾക്ക് പുറമെ ഇടുക്കിയിൽ അലയടിക്കുന്നത് ഇവയൊക്കെ.
1964 ലെ ഭൂമിപതിവ് ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള ഹൈക്കോടതി നിരീക്ഷണത്തെ തുടർന്ന് എൽ.ഡി.എഫ് സർക്കാർ ഇടുക്കിക്കായി കൊണ്ടുവന്ന നിർമാണ നിരോധനമാണ് ഇത്തവണ യു. ഡി.എഫിന് പിടിവള്ളി. ഭൂമിപതിവ് ചട്ട ഭേദഗതിയല്ലാതെ ഇതിന് മരുന്നില്ലെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.
ഇരു കേരള കോൺഗ്രസ് വിഭാഗവും കരുത്ത് തെളിയിക്കാൻ പെടാപ്പാടിലാണ്. അതേ സമയം ഇടുക്കി അസംബ്ലി മണ്ഡലത്തിൽ ശക്തമായ സ്വാധീനമായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻമാറ്റം ജനഹിതത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.
2015 ൽ ജില്ലാ പഞ്ചായത്തിൽ 16 ഡിവിഷനുകളിൽ 10 എണ്ണവും യു.ഡി.എഫിനൊപ്പം നിന്നു. (പിന്നീട് മുരിക്കാശേരിയിലെ എൽ.ഡി.എഫ് സ്വതന്ത്രൻ ജനാധിപത്യ കേരള കോൺഗ്രസ് വഴി യു.ഡി.എഫിനൊപ്പം ചേർന്നതോടെ ഇത് 11-5 ആയി). എട്ട് ബ്ലോക്ക് പഞ്ചായത്തിൽ തൊടുപുഴ ഒഴികെ എഴിടത്തും യു.ഡി.എഫ് പട്ടികവർഗ സംവരണമായിരുന്ന ദേവികുളം ബ്ലോക്കിൽ യു.ഡി.എഫിന് ആ വിഭാഗക്കാരൻ ഇല്ലാതിരുന്നതിനാൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനായി. 52 പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 28 ഉം യു.ഡി.എഫിനായിരുന്നെങ്കിൽ അവസാന ലാപ്പിൽ എൽ.ഡി.എഫിന് 27 പഞ്ചായത്തുകൾ ഉണ്ടായിരുന്നു.
കട്ടപ്പന, തൊടുപുഴ നഗരസഭകളും യു.ഡി.എഫിനൊപ്പമായിരുന്നു. ജോസ്.കെ. മാണി വിഭാഗത്തിന്റെ വരവോടെ കട്ടപ്പനയിലും ഇടുക്കി ബ്ലോക്കിലും എൽ.ഡി.എഫ് മുന്നിലായി.
മൂന്നാറിലെ പൊമ്പിള ഒരുമൈ ഒരു ബ്ലോക്ക് സീറ്റും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളും 2015 ൽ നേടിയിരുന്നു. എ.ഐ.എ.ഡി.എം.കെ മറയൂർ, ദേവികുളം, പീരുമേട് ഗ്രാമപഞ്ചായത്തുകളിലായി മൂന്നു വാർഡുകൾ നേടി.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉരുൾപൊട്ടൽ പോലെയുണ്ടായ വിജയമാണ് യു.ഡി.എഫിന്റെ കൈമുതൽ. കോവിഡ് പ്രതിരോധം, ലൈഫ് വീട്, കിഫ്ബി അടക്കമുള്ള വികസനം എന്നിവയാണ് എൽ.ഡി.എഫിന്റെ ആവനാഴിയിൽ. കഴിഞ്ഞ തവണ 11 നഗരസഭ വാർഡുകളും 22 ഗ്രാമപഞ്ചായത്ത് വാർഡുകളും നേടിയ എൻ.ഡി.എ ഇടമലക്കുടിയടക്കം ചില പഞ്ചായത്തുകൾ തന്നെ സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫ്. ഗ്രാമപഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എന്നതായിരിക്കും ഇടുക്കിയിലെ ഫലമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.