സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരുടെ ക്വാറന്റൈനിൽ തൽക്കാലം മാറ്റമില്ലെന്ന് മന്ത്രി ശൈലജ 

തിരുവനന്തപുരം - സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരുടെ ക്വാറന്റൈനിൽ തൽക്കാലം മാറ്റമുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഹ്രസ്വകാല സന്ദർശനത്തിന് എത്തുന്നവർ ഒഴികെയുള്ളവർക്ക് ക്വാറന്റൈൻ ഒഴിവാക്കാനാവില്ല. 
കോവിഡ് വാക്‌സിൻ വരുന്നതുവരെ ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നതാണ് ഉചിതം. കോവിഡിന്റെ കുതിപ്പ് തടയുക എന്നതായിരുന്നു സംസ്ഥാനം സ്വീകരിച്ച പ്രതിരോധ മാർഗം. അതിനായാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയർന്നപ്പോൾ ആവശ്യമായ ചികിത്സ നൽകാനാവാഞ്ഞ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. മരണ സംഖ്യ ഉയരുന്നതും കണ്ടു. സംസ്ഥാനം വിവിധ മാർഗങ്ങൾ അവലംബിച്ചതിനാലാണ് രോഗവ്യാപനം പെട്ടെന്ന് കൂടുന്നത് നിയന്ത്രിക്കാനായത്. ആ സമയം കൊണ്ട് സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് കോവിഡ് സെന്ററുകളിലും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്ഡിൽ ധനമന്ത്രി തോമസ് ഐസക്കിനും സർക്കാരിനും വീഴ്ച പറ്റിയിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പ്രതികരിച്ചു. ധനമന്ത്രി പറഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടെന്നോ, തെറ്റുണ്ടെന്നോ പറയാൻ താൻ ആളല്ല. സർക്കാരിനുള്ളിൽ വലിയ പ്രശ്‌നമാണെന്ന് പ്രചരിപ്പിച്ചവർക്ക് മുഖ്യമന്ത്രി ശക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

 

Latest News