എസ്.ഡി.പി.ഐയ്ക്ക് ഐ.എസ് ബന്ധമില്ല- മജീദ് ഫൈസി

കണ്ണൂർ - എസ്.ഡി.പി.ഐയുടെ ഒരു പ്രവർത്തകനു പോലും ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സിറിയയിൽ നടക്കുന്ന ആഭ്യന്തര പോരാട്ടങ്ങളെ വിശുദ്ധ യുദ്ധമെന്ന് വിശേഷിപ്പിച്ച് ഇന്ത്യക്കാർ അതിൽ പങ്കെടുക്കാൻ പോകുന്നതിലും വലിയ വിഡ്ഢിത്തമില്ല. ഇന്ത്യയിൽ പ്രഖ്യാപിത നയമോ നേതൃത്വമോ ഇല്ലാത്തതും വിദേശ നിർമ്മിതവുമായ ഐ.എസിന്റെ പ്രവർത്തനം ദുരൂഹമാണെന്നാണ് എസ്.ഡി.പി.െഎയുടെ നിലപാട്. കേരളത്തിൽ ഐ.എസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് എസ്.ഡി.പി.ഐ ആണെന്ന സംഘപരിവാറിന്റെ പ്രചാരണം കള്ളമാണെന്ന് ബിരിയാണി ഹംസയുടെ അറസ്റ്റോടെ തെളിഞ്ഞിരിക്കയാണ്. കേരളത്തിലെ ഐ.എസ് റിക്രൂമെന്റിന്റെ കേന്ദ്ര ബിന്ദു ഹംസയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഹംസയ്ക്കു ഒരിക്കലും എസ്.ഡി.പി.െഎയുടെ പ്രാഥമിക അംഗത്വം പോലും ഉണ്ടായിട്ടില്ല. ഏതെങ്കിലും സംഘടനകളുടെ പ്ലാറ്റ് ഫോമുകളില്ല, മറിച്ച് വിദേശ ബന്ധമുള്ള ചിലരുടെ വ്യക്തിപരമായ ബന്ധങ്ങളിലാണ് ഐ.എസ്.റിക്രൂട്ട്‌മെന്റ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. ഈ വസ്തുത ബോധപൂർവം തമസ്‌കരിച്ച് മുഖ്യധാര രാഷ്ട്രീയ പാർട്ടിയായ സി.പി.എം അടക്കം എസ്.ഡി.പി.ഐക്കെതിരെ ഗുരുതരമായ പ്രചാരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ വിരോധമായി മാത്രമേ കാണാനാവൂ. സംഘപരിവാറിന്റെ ചൂട്ടുപിടിച്ചാണ് സി.പി.എം ഇത്തരത്തിലുള്ള കുപ്രചാരണം നടത്തുന്നത്. 
ദേശീയ അന്വേഷണ ഏജൻസി, ബി.ജെ.പിയുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കു വളം വെച്ചു കൊടുക്കലാണ് എൻ.െഎ.എയുടെ പണി. കനകമലയിൽ അറസ്റ്റു ചെയ്യപ്പെട്ടവരിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിരവധി പേരെ അറസ്റ്റു ചെയ്തതെന്നാണ് പറയുന്നത്. എങ്കിൽ ഇത്രയുംകാലം ഇവരെ അറസ്റ്റു ചെയ്യാൻ എന്തു കൊണ്ട് എൻ.ഐ.എ തയ്യാറായില്ല. കേരള പോലീസാണ് ഇപ്പോൾ ഇവരെ അറസ്റ്റു ചെയ്തത്. 6 മാസമായി ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് പറയുന്നത്. ഇത്രയും കാലമായിട്ടും എൻ.ഐ.എക്കു ഇവരെ തിരിച്ചറിയാൻ സാധിച്ചില്ലേ. ഇസ്ലാമിക തീവ്രവാദം ഇവിടെ ശക്തമാണെന്നു പ്രചാരണം നടത്തേണ്ടതും അതിൽ രാഷ്ട്രീയ നേട്ടം കൊയ്യേണ്ടതും ബി.ജെ.പിയുടെ അജണ്ടയാണ്. ഇതിനു സഹായകമായ നിലപാടുകളാണ് എൻ.ഐ.എ കൈക്കൊള്ളുന്നത്. 
ദുരൂഹ ബന്ധങ്ങളുള്ള ഒരാളെ പോലും എസ്.ഡി.പി.െഎയിൽ നിലനിർത്തില്ല. ഇവർക്കതിരെ നടപടിയെടുക്കും. മുമ്പ് ഈ സംഘടനയുമായി ബന്ധപ്പെട്ടിരുന്നു എന്ന് പറയുന്നത്, ഇവർക്കു ഇപ്പോൾ ഈ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നതിനുള്ള തെളിവാണ്. മന്ത്രി കെ.ടി.ജലിൽ മുമ്പ് സിമി പ്രവർത്തകനായിരുന്നു. ഇത് വെച്ച് ഇപ്പോൾ സി.പി.എം സിമിയാണെന്ന് പറയാൻ സാധിക്കുമോ യെന്നും അബ്ദുൽ മജീദ് ഫൈസി ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.അബ്ദുൽ ജബ്ബാർ, ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാട്എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 
 

Latest News